ഹൈദരാബാദ്: വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികിസ്തയിലായിരുന്നു. ഇ ടിവി, ഈ നാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. നാല് ഫിലിംഫെയർ അവാർഡും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. 2016ന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദവും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ഹൈദരാബാദിലെ നാനക്രംഗുഡയിലെ സ്റ്റാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 4:50ന് മരണം സംഭവിക്കുകയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍കുടലില്‍ ബാധിച്ച അര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ബിസിനസ് രംഗത്തെ പുതുതലമുറക്ക് ഒരു പ്രചോദനമാണ് റാമോജി റാവുവിന്‍റെ ജീവിതം. ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. റാമോജി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മാർഗദർസി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൻ മൂവീസ്, റാമോജി ഫിലിം സിറ്റി എന്നിവ ഉള്‍പ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
1983ല്‍ സ്ഥാപിച്ച ഉഷാകിരന്‍ മൂവീസിന്‍റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ റാവു നിര്‍മിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1984ല്‍ നിര്‍മിച്ച റൊമാന്‍റിക് ചിത്രമായ ശ്രീവാരിക്കി പ്രേമലേഖയിലൂടെയാണ് റാമോജി റാവു സിനിമാനിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. മയൂരി, പ്രതിഘാതന, മൗന പോരാട്ടം, മനസു മമത, ചിത്രം, നുവ്വേ കാവലി തുടങ്ങി നിരവധി ക്ലാസിക്കുകൾ നിർമ്മിച്ചു. 2015ല്‍ പുറത്തിറങ്ങിയ ദഗുഡുമൂത്ത ദണ്ഡാകോർ ആണ് റാവു അവസാനമായി നിര്‍മിച്ച ചിത്രം.