കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണല്ലോ ചോക്ലേറ്റ് ഡോണറ്റ്. വളരെ എളുപ്പവും രുചിയോടെയും ചോക്ലേറ്റ് ഡോണറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ – 1 1/2 കപ്പ്
- ഇളം ചൂടുള്ള പാൽ – 1/4 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂൺ
- മുട്ട – 1 എണ്ണം
- യീസ്റ്റ് – 1 1/4 ടീസ്പൂൺ
- ബട്ടർ – 1 ടേബിൾ സ്പൂൺ
- പഞ്ചസാര – 1 1/2 ടീസ്പൂൺ
ചോക്ലേറ്റ് സോസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
- ചോക്ലേറ്റ് ബാർ – 200 ഗ്രാം
- ബട്ടർ – 50 ഗ്രാം
- ഉപ്പ് – ഒരു നുള്ള്
- പൊടിച്ച പഞ്ചസാര – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ മൈദയും ബട്ടറും ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് റബ്ബ് ചെയ്ത് മാറ്റിവയ്ക്കുക. യീസ്റ്റും പഞ്ചസാരയും പാലിൽ ചേർത്ത് കലക്കി പത്ത് മിനിറ്റ് പൊങ്ങാൻ വയ്ക്കുക.
പൊങ്ങിയ ശേഷം മൈദ കൂട്ടിലേക്ക് യീസ്റ്റ് മിശ്രിതവും മുട്ടയും ചേർത്ത് നല്ല മയത്തിൽ കുഴച്ച് ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക. നനഞ്ഞ തുണി കൊണ്ട് മൂടി വേണം വയ്ക്കാൻ. അല്ലെങ്കിൽ മുകൾ ഭാഗം ഡ്രൈ ആയി പോകും.
ഒരു മണിക്കൂറിന് ശേഷം മാവ് എടുത്ത് ഇത്തിരി മൈദ തൂകി നല്ല കട്ടിയിൽ പിസ ബേസിന്റെ ഒക്കെ കനത്തിൽ പരത്തി ഡോണറ്റ് കട്ടർ കൊണ്ട് മുറിച്ചെടുക്കുക. കട്ടർ ഇല്ലെങ്കിൽ രണ്ട് അടപ്പുകൾ മതിയാകും. ഒരു വലുതും ഒരു ചെറുതും കൊണ്ട് അതേ ഷേപ്പിൽ മുറിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ മുഴുവൻ മാവ് തീരുന്നത് വരെ പരത്തി മുറിച്ചെടുത്ത ശേഷം നനഞ്ഞ തുണി കൊണ്ട് മൂടി വീണ്ടും അരമണിക്കൂർ പൊങ്ങാൻ വയ്ക്കുക.
ചോക്ലേറ്റ് സോസ് തയ്യറാക്കുന്ന വിധം
ഡബിൾ ബോയിലിംഗ് രീതിയിൽ തയ്യാറാക്കാം. വാ വട്ടമുള്ള ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിന് മീതെ ചെറിയൊരു പാത്രത്തിലേക്ക് ചോക്ലേറ്റ് കഷ്ണങ്ങളാക്കിയതും ബട്ടറും ഉപ്പും ചേർത്ത് ഇളക്കുക.
ചോക്ലേറ്റ് നന്നായി അലിഞ്ഞു തുടങ്ങുമ്പോൾ ഇറക്കിവച്ച് അതിലേക്ക് പൊടിച്ച പഞ്ചസാര മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. സോസിന് കട്ടി കൂടുതലാണെങ്കിൽ ഇത്തിരി ചൂട് വെള്ളം ചേർക്കാം. ഇനി ഡോണറ്റ് നമുക്ക് ഫ്രൈ ചെയ്യാം. ഏതെങ്കിലും വെജിറ്റബിൾ ഓയിൽ ചൂടാക്കി അതിലേക്ക് ഡോണറ്റ്സ് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.
തീ കുറച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഉള്ളു വെന്തില്ലെന്ന് വരാം. ഫ്രൈ ചെയ്ത് വച്ച ഡോണറ്റ്സ് ഓരോന്നായി ചോക്ലേറ്റ് സോസിൽ ഡിപ്പ് ചെയ്ത് നമ്മുടെ മനോധർമ്മം പോലെ അലങ്കരിച്ചു സെർവ് ചെയ്യാം. ചോക്ലേറ്റ് ഡോണറ്റ് തയ്യാറായി.