Movie News

ലാൽ അഴിഞ്ഞാടുന്ന സിനിമയ്ക്കൊപ്പം റിലീസ് ചെയ്യാൻ ധൈര്യം തന്നത് മമ്മൂക്ക: എനിക്കും പ്രൊഡ്യൂസറിനും പേടിയുണ്ടായിരുന്നു

ധൈര്യമായി റിലീസ് ചെയ്യാൻ മമ്മൂക്ക പറഞ്ഞു

സൂപ്പർതാരങ്ങൾ മുതൽ യുവ നടി നടന്മാരെ വെച്ച് സിനിമ ചെയ്ത സംവിധായകനാണ് കമൽ. ധാരാളം പുതുമുഖങ്ങൾക്കും അദ്ദേഹം അവസരം കൊടുത്തിട്ടുണ്ട്. ഹൃദയസ്പർശിയായ ഒരുപാട് ചിത്രങ്ങൾ കമലിന്റെ സംവിധാനത്തിൽ മലയാളികൾക്ക് സമ്മാനിച്ചു. 40 വർഷത്തെ കരിയറിൽ അദ്ദേഹത്തിൻറെ മികച്ച പ്രണയ സിനിമകളും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

മലയാളികളുടെ പ്രീയപ്പെട്ട സിനിമകളിലൊന്നാണ് മഴയെത്തും മുൻപേ. മമ്മൂട്ടി, ശോഭന, ആനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമലാണ് ചിത്രമൊരുക്കിയത്. സിനിമയുടെ റിലീസിനെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓപ്പോസിറ്റ് റിലീസ് ചെയ്യുന്ന പടം സ്ഫടികമാണ്. ഒരേ ദിവസമാണ് റിലീസ്. ലാൽ അഴിഞ്ഞാടുന്ന ആക്ഷൻ സിനിമ എന്ന രീതിയിൽ റിലീസിന് മുമ്പ് തന്നെ നമുക്ക് ഫീഡ് ബാക്ക് കിട്ടിക്കൊണ്ടിരുന്നു. എനിക്കും പ്രൊഡ്യൂസർക്കും പേടിയുണ്ടായിരുന്നു.

സ്ഫടികത്തിന്റെ കൂടെ റിലീസ് ചെയ്യുമ്പോൾ എന്താവുമെന്ന്. ധൈര്യമായി റിലീസ് ചെയ്യാൻ മമ്മൂക്ക പറഞ്ഞു. സ്ഫടികത്തിന്റെ അത്രയും കലക്ഷൻ ആദ്യത്തെ ദിവസം മഴയെത്തും മുൻപേയ്ക്ക് ഉണ്ടായിരുന്നില്ല. ഹൗസ് ഫുൾ ആയിരുന്നെങ്കിലും സ്ഫടികത്തിന്റെ തിയറ്ററിന് പുറത്ത് കാണുന്ന ബഹളം ഈ സിനിമയ്ക്കില്ല. മമ്മൂക്ക ടെൻഷനായി വിളിച്ച് കുഴപ്പമാകുമോ എന്ന് ചോദിച്ചു. പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ സ്ഫടികത്തോടൊപ്പം തന്നെ നമ്മുടെ സിനിമയ്ക്ക് ഭയങ്കര കലക്ഷൻ വന്നു. ലേഡീസ് കലക്ഷനും വന്നു. പാട്ടുകളും ഹിറ്റായെന്ന് കമൽ ചൂണ്ടിക്കാട്ടി.

ശോഭനയെ കുറിച്ചും കമൽ സംസാരിക്കുന്നുണ്ട്. തനിക്ക് ബഹുമാനം തോന്നുന്ന നടിയാണ് ശോഭനയെന്നും അതിന് കാരണമുണ്ടെന്നും കമൽ പറയുന്നു.

ശോഭന എന്റെ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഒന്ന് ഉള്ളടക്കവും രണ്ടാമത്തേത് മഴയെത്തും മുൻപേയുമാണ്. ഈ രണ്ട് സിനിമകളിലും ഏറ്റവും പ്രധാനപ്പെ‌ട്ട‌ സ്ത്രീ കഥാപാത്രം ശോഭന ആയിരുന്നില്ല. മഴയെത്തും മുൻപേയിൽ ആനിയാണ്. ഉള്ളടക്കത്തിൽ അമലയും. പക്ഷെ ഈ റോളുകൾക്ക് ശോഭനയെ വിളിക്കുമ്പോഴോ ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോളിനേക്കാളും വലുത് മറ്റേ കുട്ടിയുടെ റോൾ ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.

അത് ആർട്ടിസ്റ്റിന്റെ മഹത്വമായി ഞാൻ കാണുന്നു. അവർക്ക് അവരുടെ കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ട്. എനിക്ക് രണ്ട് സീനായാലും മറ്റേയാൾ 200 സീനായാലും ഈ രണ്ട് സീനിൽ എന്റെ പെർഫോമൻസ് എങ്ങനെയായിരിക്കും എന്ന് നല്ല ധാരണയുണ്ട് എന്ന് ആത്മവിശ്വാസമുള്ള നടിയായാണ് എനിക്കെന്നും ശോഭനയെ തോന്നിയത്. അതുകൊണ്ട് തന്നെ ശോഭനയോട് വലിയ ബഹുമാനമുണ്ടെന്നും കമൽ വ്യക്തമാക്കി. ശോഭന മാത്രമല്ല, ആ കാലഘട്ടത്തിലെ മിക്കവർക്കും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല.

ടെൻഷൻ തരാതെ അവരുടെ ക്യാരക്ടർ അഭിനയിച്ച് പോകുമെന്നും കമൽ ചൂണ്ടിക്കാട്ടി മഴയെത്തും മുൻപേയിലെ ആനിയുടെ പ്രകടനത്തെക്കുറിച്ചും കമൽ സംസാരിച്ചു. ആദ്യത്തെ സിനിമ കഴിഞ്ഞ് ആനി മഴയെത്തും മുൻപേയിൽ മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കുന്നത്. മമ്മൂക്ക ജോയിൻ ചെയ്യുന്ന ദിവസം ആനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ടെൻഷനടിക്കേണ്ട, മമ്മൂക്ക കുഴപ്പക്കാരനല്ല എന്ന് ഞാൻ പറഞ്ഞു. മമ്മൂക്ക അടുത്ത് വിളിച്ച് സംസാരിച്ചു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്കയും ആനിയുമാെക്കെ കമ്പനിയായി.