കോണ്‍ഗ്രസ്സിന്റെ ആട്ടും തുപ്പും സഹിക്കാനാകാതെ ബി.ജെ.പിയില്‍ അഭയം പ്രാപിച്ച ലീഡര്‍ കെ. കരുണാകരന്റെ മകള്‍ക്ക് ഇപ്പോള്‍ സമാധാനത്തിന്റെ നാളുകളാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദി നാളെ മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നു. കേരളത്തില്‍ സ്വന്തം സഹോദരനെ തോല്‍പ്പിച്ച് സുരേഷ്‌ഗോപി തൃശൂര്‍ സ്വന്തമാക്കി. തന്റെ പ്രവേശനത്തോടെ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നു. വോട്ട് ഷെയറില്‍ അത്ഭുതകരമായ വളര്‍ച്ച. ഇങ്ങനെയൊക്കെയാണ് കേരളത്തിലെ ബി.ജെ.പിയുടെയും പത്മജാ വേണുഗോപാലിന്റെയും പുതിയ വാര്‍ത്തകള്‍.
ബി.ജെ.പി പ്രവേശനത്തിനു ശേഷം നന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം കരസ്ഥമാക്കിയ സുരേഷ്‌ഗോപിയെ അഭിനന്ദിക്കുമ്പോഴും ഉള്ളില്‍ കരയുകയായിരുന്നു അവര്‍. സ്വന്തം ജേഷ്ടന്റെ പരാജയമാണ് അതിനു കാരണം. ഏട്ടനെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് തൃശൂരില്‍ എത്തിച്ചതെന്നും അവര്‍ പറയുന്നുണ്ട്. മാത്രമല്ല, ഏട്ടനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കാര്‍ തന്നെ തഴയില്ലെന്ന് ഉറപ്പുണ്ടെന്ന് വിശ്വസിക്കുകയാണ് പത്മജ ഇപ്പോള്‍. കുറച്ചു ദിവസം മുമ്പ് ബി.ജെ.പി സംസ്ഥാന നേതാക്കളില്‍ നിന്നും ലഭിച്ച സൂചന തന്നെ ഗവര്‍ണര്‍ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണ്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഒരു നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പത്മജ അന്നു തന്നെ പറയുകയും ചെയ്തിരുന്നു. പക്ഷെ, ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിന്‍ഗാമിയായി പത്മജ വേണുഗോപാല്‍ എത്തും എന്നതിന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി സെപ്റ്റംബറില്‍ കഴിയുകയാണ്. രണ്ടാം ടേം ആരിഫിന് ലഭിക്കില്ല. 1967 മുതല്‍ 73 വരെ ഗവര്‍ണര്‍ ആയിരുന്ന വി. വിശ്വനാഥനാണ് മലയാളിയായ ആദ്യ കേരള ഗവര്‍ണര്‍. പത്മജയെ കേരള ഗവര്‍ണറാക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് സുരേഷ് ഗോപിയാണ്. പത്മജയെ ബി.ജെ.പി ക്യാമ്പിലെത്തിച്ചതിന്റെ പിന്നിലും സുരേഷ് ഗോപി ആയിരുന്നു.
തൃശൂരിലെ വിജയത്തിന്റെ പത്മജയുടെ ബി.ജെ.പി പ്രവേശനം കാരണമായെന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തല്‍. സഹോദരന്‍ കെ. മുരളിധരനെതിരെ ശക്തമായ നിലപാട് എടുത്ത പത്മജ തൃശൂരിലെ മുരളി മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വേദിയും നല്‍കി. തുടക്കം മുതലേ സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്ന് പത്മജ പറഞ്ഞിരുന്നു. ഉന്നത സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്താണ് പത്മജയെ സുരേഷ് ഗോപി ബി.ജെ.പി ക്യാമ്പില്‍ എത്തിച്ചത്. ഗവര്‍ണര്‍ സ്ഥാനം പത്മജയ്ക്ക് ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ തുടക്കം മുതലേ പ്രചരിച്ചിരുന്നു. ഛത്തിസ്ഗഡ്, ഗോവ എന്നി സംസ്ഥാനങ്ങളില്‍ പത്മജ ഗവര്‍ണര്‍ ആകുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വന്നത്.
പത്മജയ്ക്ക് കേരള ഗവര്‍ണര്‍ സ്ഥാനം നല്‍കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് സുരേഷ് ഗോപി കരുതുന്നത്. നിയമസഭയില്‍ അക്കൗണ്ട് തുറക്കാനും ഇതിലൂടെ സാധിക്കുമെന്ന് സുരേഷ് ഗോപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ജയിച്ചതോടെ കേരളത്തിലെ ബി.ജെ.പിയുടെ അവസാന വാക്കായി സുരേഷ് ഗോപി മാറുകയാണ്. കേരളത്തില്‍ ബി.ജെ.പി വളരുന്നു എന്ന കണക്കുകളാണ് ലോകസഭ ഫലം നല്‍കുന്നത്. 11 നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങലിലെ ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂരിലെ പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോവളം, കായംകുളം, ഹരിപ്പാട്, പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം, വര്‍ക്കല എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തി. ഈ സാഹചര്യത്തില്‍ പത്മജയെകേരള ഗവര്‍ണര്‍ സ്ഥാനത്ത് എത്തിക്കുന്നത് ബി.ജെ.പിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ബി.ജെ.പി ക്യാമ്പിലെത്തി മാസങ്ങള്‍ക്കകം ഉന്നത പദവി എത്താന്‍ കഴിയുന്നത് പത്മജയുടെ വിജയം കൂടിയാണ്. അത് സ്വന്തം സംസ്ഥാനത്ത് കൂടിയാകുമ്പോള്‍ പത്മജക്ക് ഇരട്ടി മധുരം ആവും.
ഇങ്ങനെ മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന കസേരകള്‍ നല്‍കിയാണ് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രതീതി വരുന്നതോടെ, കൂടുതല്‍ പേര്‍ ചാടുമെന്നുറപ്പാക്കുകയാണ്. എത്തുന്നവര്‍ക്കെല്ലാം ഗവര്‍ണര്‍ പദവി കൊടുക്കാനാകുമോയെന്നത് സംശയമാണ്. ബി.ജെ.പിയില്‍ ഗവര്‍ണര്‍മാരുടെ കാലമാണിപ്പോള്‍ എന്നും പറയേണ്ടിവരും. കുമ്മനം രാജശേഖരനും, ശ്രീധരന്‍ പിള്ളയുമെല്ലാം ഗവര്‍ണര്‍മാരായവരാണ്. ശ്രീധരന്‍പിള്ള ഇപ്പോഴും ഗവര്‍ണറാണ്. എന്നാല്‍, പാര്‍ട്ടി മാറി വരുന്നവരില്‍ പത്മജയാണ് ആദ്യമായി ഗവര്‍ണറാകുന്നത്. അതും കേരളത്തില്‍.