ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രൗഢഗംഭീരമായ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ് രാജ്യം. നരേന്ദ്ര മോദിയുടെ മൂന്നാമൂഴമാണ്. പഴയ മുഖങ്ങളെല്ലാം മാറ്റി പുതിയ മുഖങ്ങലെ പരിചയപ്പെടുത്തുമോ, അതോ പഴയതും പുതിയതുമായ മുഖങ്ങള്‍ ഉള്‍പ്പെടുത്തിയാകുമോ മന്ത്രിമാരെ നിയോഗിക്കുകയെന്ന നിറം പിടിപ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നത്. നാളെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ന് തന്നെ കേന്ദ്രമന്ത്രിമാരുടെ പട്ടിക അംഗീകരിക്കും. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചുറപ്പിക്കും. എന്നാല്‍, നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷമായിരിക്കും പ്രധാനമന്ത്രി മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്ന ആദ്യ മന്ത്രിസഭാ യോഗം ചേരുന്നത്.
ഇന്നലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നരേന്ദ്രമോദിയെ എന്‍.ഡി.എയുടെ പാര്‍ലമെന്ററി കാര്യ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നാംവട്ടവും നരേന്ദ്ര മോദിയെ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. രാജ്നാഥ് സിംഗാണ് നരേന്ദ്രമോദിയുടെ പേര് എന്‍.ഡി.എയുടെ പാര്‍ലമെന്ററി കാര്യ നേതാവായി നിര്‍ദ്ദേശിച്ചത്. ഇത് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരുടെ കാര്യങ്ങളിലേക്ക് ആലോചനകള്‍ നീണ്ടത്. കേരളത്തില്‍ നിന്നുള്ള എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നുറപ്പായിക്കഴിഞ്ഞു. അദ്ദേഹത്തിന് ഏതൊക്കെ വകുപ്പു നല്‍കുമെന്നതു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ബി.ജെ.പിയുടെ മറ്റു പ്രമുഖ നേതാക്കള്‍ മന്ത്രിസ്ഥാനത്തേക്ക് വരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരും കേന്ദ്രമന്ത്രിമാരാകും. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉണ്ടാകുമെന്നുള്ള സൂചനകളും വരുന്നുണ്ട്. അതേസമയം, ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് രാജനാഥ് സിംഗിന്റെ പേര് പരിഗണയില്ലെന്നാണ് സൂചന. നിര്‍മ്മല സീതാരാമനും മന്ത്രിസഥാനത്തേക്കെത്തുമെന്നുറപ്പായി. ഇന്ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അതിനുശേഷം ഉള്ള ചര്‍ച്ചകളും പൂര്‍ത്തിയാകുന്നതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ ചിത്രം വ്യക്തമാകും. എന്‍.ഡി.എ ഘടകകക്ഷികളുടെ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് ഇത്തവണ ഇടം ലഭിച്ചേക്കില്ല.
എന്നാല്‍ പീയൂഷ് ഗോയലും നിതിന്‍ ഗഡ്ഗരിയും ഇത്തവണയും മന്ത്രിസ്ഥാനത്തുണ്ടാകും. രാജനാഥ് സിംഗ് സുപ്രധാന വകുപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും. സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ പ്രധാന വനിതാ മുഖങ്ങള്‍ തോറ്റതോടെയാണ് മുന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് വീണ്ടും അവസരം തുറന്നു കിട്ടിയത്. ആര്‍എസ്എസ് അനുനയത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വകുപ്പുകളിലേക്ക് പരിഗണിക്കപ്പെടും. കേരളത്തില്‍ നിന്നുള്ള ഏക എംപി എന്ന നിലയ്ക്ക് സുരേഷ് ഗോപിക്കും അര്‍ഹിക്കുന്ന പ്രാധാന്യം മന്ത്രിസഭയില്‍ നല്‍കും. എന്‍ഡിഎ ഘടകക്ഷി നേതാവായ ചിരാഗ് പസ്വാനും ക്യാബിനറ്റ് പദവി ലഭിക്കുമെന്നും സൂചനയുണ്ട്.
സഹമന്ത്രി സ്ഥാനം നല്‍കി ഘടകകക്ഷി നേതാക്കളെ അനുനിയിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന നല്‍കാനാണ് സാധ്യത. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ട നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ബിജെപിയ്ക്ക് കനത്ത തിരിച്ചടി കിട്ടിയത് മുന്‍ നടിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ പരാജയമായിരുന്നു. അമേഠിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോറ്റു തുന്നംപാടിയത്.
സ്മൃതി ഇറാനിയെ പോലെ അജയ് മിശ്ര, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും കനത്ത തോല്‍വി ഏറ്റുവാങ്ങി. അജയ് മിശ്ര വിവാദമായ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുടുങ്ങിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ സമാജ് വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മ 34,329 വോട്ടിനാണ് പരാജയപ്പെട്ടത്. കേന്ദ്ര ഗോത്രകാര്യ മന്ത്രി അര്‍ജുന്‍ മുണ്ട തോറ്റത് ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാളീചരണ്‍ മുണ്ടയോടാണ്. 1,49,675 വോട്ടുകള്‍ക്ക് കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രാജസ്ഥാനിലെ ബാര്‍മറില്‍ കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി 4.48 ലക്ഷം വോട്ടുകള്‍ക്ക് തോറ്റു.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 16,077 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെട്ടു. ബിജെപിയുടെ തിരിച്ചടി ഈ പ്രമുഖരില്‍ മാത്രം ഒതുങ്ങിയില്ല. മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, സഞ്ജീവ് ബല്യാന്‍, റാവു സാഹെബ് ദന്‍വെ, ആര്‍കെ സിംഗ്, വി മുരളീധരന്‍, എല്‍ മുരളീധരന്‍, സുഭാഷ് സര്‍ക്കാര്‍, നിഷിത് പ്രമാണിക് തുടങ്ങിയ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് ഉത്തര്‍പ്രദേശിലെ ചന്ദൗലി സീറ്റ് നഷ്ടമായി. ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ മോഹന്‍ലാല്‍ഗഞ്ചില്‍ സമാജ്വാദി പാര്‍ട്ടിയുടെ ആര്‍കെ ചൗധരിയോട് 70,292 വോട്ടുകള്‍ക്കാണ് തോറ്റത്.
യുപിയിലെ ഫത്തേപൂരില്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി തോറ്റു. റെയില്‍വേ സഹമന്ത്രി റാവു സാഹിബ് ദന്‍വെ മഹാരാഷ്ട്രയിലെ ജല്‍ന സീറ്റില്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ വൈജ്നാഥ് റാവു കാലെയോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രി ആര്‍കെ സിംഗ് ബിഹാറിലെ അറായില്‍ നിന്ന് സിപിഐ(എംഎല്‍)ലെ സുദാമ പ്രസാദിനോടാണ് തോറ്റത്. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ മുസാഫര്‍നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഹരേന്ദ്ര സിംഗ് മാലിക്കിനോട് 24,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു.
തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഡിഎംകെയുടെ എ രാജയോട് 2,40,585 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി എല്‍ മുരുകന്‍ പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സീറ്റില്‍ ടിഎംസിയുടെ ജഗദീഷ് ചന്ദ്ര ബസൂനിയയോട് 39,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ ബങ്കുര ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂപ് ചക്രവര്‍ത്തിയോട് 32,778 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയത്.