Travel

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സുന്ദരി; ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം!!

പ്രിയങ്ക ഗാന്ധിയുടെ കോടികൾ വിലമതിക്കുന്ന ഒരു വീടും , രാഷ്ട്രപതിയുടെ ബംഗ്ലാവും സ്ഥിതി ചെയ്യുന്നൊരിടം, മലകളുടെ രാജ്ഞി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഹിമാചൽപ്രദേശിലെ ഷിംല.ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല. ഇതു ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി ഇവിടം പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നാണറിയപ്പെടുന്നത്.

ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.

 

അവിടെ പൈൻ മരങ്ങളും ഓക്കും ചെസ്‌നട്ടും ദേവദാരുവും തിങ്ങി നിൽക്കുന്ന മൂന്നര ഏക്കർ വിസ്തൃതി വരുന്ന ഒരു തോട്ടവും ഒരു വീടിനെ ചുറ്റി നിൽപ്പുണ്ട്. അതാണ് പ്രിയങ്ക ഗാന്ധിയുടെ വീട്.അന്ന് 47 ലക്ഷത്തിന് വാങ്ങിയ ആ വീട് ഇപ്പോൾ കോടികൾ വിലമതിക്കുന്ന ഒരു സ്വത്തായി കണക്കാക്കപ്പെടുന്നു. പ്രിയങ്കയുടെ കുട്ടിക്കാലത്ത്, സുന്ദരമായ ഭൂപ്രകൃതിയും മലമുകളിലെ ശാന്തത മുറ്റി നില്‍ക്കുന്ന അന്തരീക്ഷവും ആസ്വദിക്കാനായി രാജീവ് ഗാന്ധി കുടുംബസമ്മേതം അവധിക്കാലം ചിലവഴിക്കാന്‍ ഈ വീട്ടിലെത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളായിരുന്ന ലോഡ് കിച്ച്‌നെറും, ലോഡ് റിപ്പോണും ഒരുകാലത്ത് ഈ വീടിന്‍റെ ഉടമസ്ഥരായിരുന്നു.

 

ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ഷിംല ഏത് സമയത്ത് ചെന്നാലും അതിമനോഹരമാണ്. സഞ്ചാരികൾക്കായി ഷിംല ഒരുക്കി വെച്ചിരിക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും, നാവിനെ പുളകം കൊള്ളിക്കുന്ന രുചികളും, മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളുമുള്ള നിരവധി പ്രദേശങ്ങളാണ്. ഇവയെല്ലാം ഒത്തുചേരുന്ന അത്തരത്തിൽ ഒരു സ്ഥലമാണ് ഷിംലയിലെ മഷോബ്ര എന്ന കൊച്ചു പട്ടണം. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ ഡല്‍ഹൗസി പ്രഭു നിർമിച്ച ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് വഴി മഷോബ്രയെ ഷിംലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രപതിയുടെ വേനൽക്കാല വസതി മഷോബ്രയിലാണ്. 1850 ലാണ് ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്. പൂർണമായും തടിയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. എല്ലാ വേനൽക്കാലത്തും രാഷ്ട്രപതിയും കുടുംബവും ഇവിടെ വന്നു താമസിക്കുന്നു.എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും, ഏപ്രിൽ, ജൂൺ മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. വേനൽക്കാലത്തും വസന്തകാലത്തും ഏറ്റവും മനോഹരിയാണ് മഷോബ്ര. ശൈത്യകാലത്ത് ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുമുണ്ട്.