പുതിയ ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. പുതിയ ഐഫോണ്‍ സോഫ്റ്റ്‌വെയർ ജൂണ്‍ 10 ന് ആരംഭിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും അവതരിപ്പിക്കുക. മുന്‍നിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18ല്‍ എഐ ഫീച്ചറുകള്‍ എത്തുക എന്നാണ് വിവരം.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനകം എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഒഎസ് 18ല്‍ വരാനിരിക്കുന്ന എഐ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഔദ്യോഗികമായി ആപ്പിള്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഐഒഎസ് 18 ലെ ചില എഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെയാണ് പ്രോസസ് ചെയ്യുക.പുതിയ ഐഒഎസ് 18ല്‍ എഐ സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഐഫോണ്‍ 15 സീരീസില്‍ പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകള്‍ ലഭിക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകള്‍.
ഐഫോണ്‍ 15 പ്രോയില്‍ മാത്രമേ എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുള്ളൂ എന്ന് പറയാന്‍ അതിലെ പ്രൊസസറുകളും കാരണമാണ്. എഫോണ്‍ 15 പ്രോ ഫോണുകളില്‍ എ17 ചിപ്പുകളാണുള്ളത്. ഐഫോണ്‍ 15 മോഡലുകളിലാവട്ടെ, എ16 ചിപ്പുകളും. പഴയ എ16 ചിപ്പ് എഐ ഫീച്ചറുകള്‍ക്ക് അനുയോജ്യമാവണം എന്നില്ല. അതേസമയം, ജൂണില്‍ പ്രഖ്യാപനം ഉണ്ടായാലും ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കപ്പെട്ടതിന് ശേഷമേ ഒഎസ് അപ്‌ഡേറ്റുകള്‍ പുറത്തിറക്കുകയുള്ളൂ.