കുവൈത്തിൽ 23,000 കുപ്പി വ്യാജ ‘സംസം’വെള്ളം പിടികൂടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഹവല്ലി ഇൻസ്‌പെക്ഷൻ യൂണിറ്റിലെ സൂപ്പർവൈസറി ടീമാണ് മായം കലർന്ന ‘സംസം’വെള്ളം പിടികൂടിയതെന്ന് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ മന്ത്രാലയം വ്യക്തമാക്കി.
ഗോഡൗണിലെ പതിവ് പരിശോധനയിലാണ് സംഘം അനധികൃത ശേഖരം കണ്ടെത്തിയത്. കണ്ടുകെട്ടിയ 200 മില്ലിമീറ്റർ വലിപ്പമുള്ള ഓരോ കുപ്പിയിലും മായം കലർന്ന സംസം വെള്ളമുണ്ടെന്ന് കണ്ടെത്തി. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ പവിത്രമായി കരുതുന്നതാണ് സംസം വെള്ളം. ഉപഭോക്തൃ സുരക്ഷ നിലനിർത്തുന്നതിനും വിപണിയിൽ വ്യാജ ഉൽപ്പന്നങ്ങളുടെ പ്രചാരം തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇടപെടൽ.