News

ലോട്ടറി എടുക്കാന്‍ മാത്രം തെങ്കാശി ടു ആര്യങ്കാവ് ട്രിപ്പടി: നാളെയാണ് നാളെയാണ് നാളെയാണ് കേരളാ സംസ്ഥാന ഭാഗ്യക്കുറി

കേരളത്തില്‍ നിന്നും തെങ്കാശി റൂട്ടില്‍ KSRTC ബസ് ഓടിക്കുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിറയെ യാത്രക്കാരെ കിട്ടുന്നുണ്ടെന്നാണ് പല ഡിപ്പോയിലെയും ചൂടേറിയ വര്‍ത്തമാനം. എന്താണെന്നല്ലേ, കേരളത്തിലേക്ക് ഭാഗ്യം അന്വേഷിച്ചെത്തുന്ന തമിഴരുടെ തിരക്കാണ് ബസില്‍ നിറയെ. തെങ്കാശിയില്‍ നിന്നും ആര്യങ്കാവിലേക്കാണ് പടപട്ടാളം പോലെ തമിഴ്‌നാട്ടുകാരായ ചെറുപ്പക്കാര്‍ വരുന്നത്. പിന്നെ അവരുടെ അന്വേഷണമെല്ലാം ലോട്ടറിക്കച്ചവടം നടത്തുന്ന കടകളാണ്. കിട്ടുന്ന ലോട്ടറികളെല്ലാം വാങ്ങിക്കൊണ്ട് തിരിച്ചു പോകും.

കഴിഞ്ഞ ഓണം ബംമ്പര്‍ അടിച്ചത് ഒരു തമിഴ്‌നാട് സ്വദേശിക്കാണെന്നാണ് ബസില്‍ കയറിയ തെങ്കാശിക്കാരന്‍ പളനിമുത്തു എന്ന യാത്രക്കാരന്‍ പറയുന്നത്. അതുകൊണ്ട് ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചാണ് ആര്യങ്കാവിലേക്ക് വന്നത്. 2000 രൂപയ്ക്ക് ലോട്ടറിയും വാങ്ങി. കേരളാ സര്‍ക്കാരിന്റെ ലോട്ടറിയല്ലേ, അടിച്ചാല്‍ ലക്ഷങ്ങള്‍ കെടക്കുമല്ലേ എന്നാണ് പളനിമുത്തുവിന്റെ സ്വപ്നം. പറഞ്ഞതെല്ലാം കേട്ട് ഡബിള്‍ബെല്ലടിച്ച് ബസ് നേരെ തെങ്കാശിയിലോട്ട്. ടിക്കറ്റ് കൊൊടുക്കാന്‍ പോയപ്പോഴാണ് പഴനിമുത്തുവിനൊപ്പം കയറിയവരെല്ലാം ലോട്ടറി എടുക്കാന്‍ വേണ്ടി മാത്രമായി കേരളത്തിലെത്തിയവരെന്നു മനസ്സിലാകുന്നത്.

ലോട്ടറിയ എടുക്കാന്‍ വന്നവര്‍ KSRTCയില്‍ കയറിയതു കൊണ്ട് അങ്ങനെയും വരുമാനം കിട്ടിയതിന്റെ സന്തോഷം ബസ് ജീവനക്കാര്‍ മറച്ചു വെച്ചില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ലോട്ടറി നിരോധിച്ചിട്ട് കാലം കുറേയായി. അതുകൊണ്ടുതന്നെ ഭാഗ്യത്തെ കുറിച്ച് ചിന്തിക്കുക കൂടി ചെയ്യാതിരിക്കുകയായിരുന്നു അവര്‍. എന്നാല്‍, ബന്രര്‍ അടിച്ചതോടെ അവരും ഭാഗ്യത്തിനു പിന്നാലെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. സമാനമായി കേരളം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം കേരളാ ലോട്ടറിക്ക് വലിയ ഡിമാന്റാണ്.

വാങ്ങുന്നതെല്ലാം, തമിഴ്‌നാട്ടുകാരും. കുറുച്ചുകാലമായി നോര്‍ത്തിന്ത്യയില്‍ ഉള്ളവര്‍ക്കെല്ലാം കേരളം ഒരു തൊഴില്‍ ദാതാവാണ്. ഡെല്‍ഹിയില്‍ നിന്നെത്തുന്ന കേരളാ എക്‌സ്പ്രസില്‍ നിറയെ ജോലി തേടിയെത്തുന്നവരുടെ കൂട്ടവും. ഇവരെല്ലാം ചേര്‍ന്നാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിടിച്ചു നിര്‍ത്തുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. കേരളത്തിലെ ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടങ്ങളിലും അതിഥി തൊഴിലാളികള്‍ നിറഞ്ഞു കഴിഞ്ഞു. ഇവരുടെ ഹോബിയും ലോട്ടറി എടുക്കലും, പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കലുമാണ്.

കേരളത്തിന്റെ പ്രധാന വരുമാനസ്രേതസ്സുകളാണ് മദ്യവും ലോട്ടറിയും. ഇതു രണ്ടും അതിഥി തൊഴിലാളികള്‍ ഉപയോഗിക്കുന്നവയുമാണ്. ഇതിലൂടെയുള്ള വരുമാന വര്‍ദ്ധന ലക്ഷ്യമിടുമ്പോള്‍ അതിഥി തൊഴിലാളികളെ പരിഗണിക്കാതെ പോകാനാവില്ല. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരു അതിഥി തൊഴിലാളിക്ക് ലോട്ടറി അടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായിരുന്ന അതിഥി തൊഴിലാളിക്കാണ് ലോട്ടറി അടിച്ചത്. അയാള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കിയാണ് നാട്ടിലേക്ക് പറഞ്ഞു വിട്ടത്.