ഓ അത് ചൈനയാ, ചൈനയുടെ സാധനം എന്ന് പറഞ്ഞാൽ തന്നെ അത് ഡ്യൂപ്പ് ആണെന്ന് ഉറപ്പല്ലേ… അങ്ങനെ പിന്നേം ആൾക്കാരെ പറ്റിച്ചിരിക്കുകയാണ് നമ്മുടെ ചൈന. ഈ ഒരു ന്യൂസ് കേൾക്കുമ്പോൾ വലിയ അതിശയം ഒന്നും തോന്നാൻ വഴിയില്ല. എന്നാൽ വെള്ളച്ചാട്ടം വരെ കാണിച്ച് ആളുകളെ പറ്റിച്ചിരിക്കുക്കയാണ് ഇവിടെ എന്ന് കേൾക്കുമ്പോൾ എന്താ പറയ്യ അല്ലേ.
വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞ വർഷം ഇവിടെ എത്തിയ 70 ലക്ഷം പേരെയാണ് പൈപ്പ് വെള്ളം കാട്ടി ചൈന പറ്റിച്ചത്.
2009- 2010 കാലഘട്ടങ്ങളിൽ ചൈനീസ് ഫോണുകൾ കേരളം കീഴടക്കിയ സമയമുണ്ടായിരുന്നു. വിലക്കുറവ് കണ്ട് ചൈനീസ് ഫോൺ വാങ്ങി, മൂന്നാം ദിനം പണി കിട്ടിയ ഒരാൾ കൂട്ടത്തിൽ എല്ലാർക്കും ഉണ്ടാകും.നുണ കൊണ്ട് ചീട്ടു കൊട്ടാരം തീർക്കുന്നതിൽ പണ്ടേ വമ്പന്മാരാണ് ചൈനക്കാർ. സോഷ്യൽ മീഡിയ സജീവമായപ്പോൾ ചൈനയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെ പൊളിഞ്ഞതിൽ അവസാനത്തെ പേരാകുകയാണ് യുന്തായ് വെള്ളച്ചാട്ടം.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതെന്ന് ചൈന വീമ്പ് പറഞ്ഞിരുന്ന യുന്തായ് വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പിട്ടെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. യുന്തായി മലമുകളിൽ കയറിയ വിനോദസഞ്ചാരിയാണ് ചൈനീസ് അധികൃതരുടെ തട്ടിപ്പ് പൊളിച്ചത്. പാറ തുരന്ന് സ്ഥാപിച്ച പൈപ്പിൻ്റെ ഒരുഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തു വിട്ടതോടെ കാര്യം കൈ വിട്ട് പോയി. ഇതോടെ ഹെനാൻ പ്രവിശ്യയിലെ സീനിക് പാർക്ക് നടത്തിപ്പുകാർ സംഭവം സത്യമാണെന് സമ്മതിക്കേണ്ടി വന്നു.
സഞ്ചാരികളെ നിരാശപ്പെടുത്തേണ്ടല്ലോ എന്നുകരുതിയാണ് പൈപ്പിട്ട് വെള്ളമടിച്ചതെന്ന് സീനിക് പാർക്കിൻ്റെ വിശദീകരണവും വന്നു. വളരെ ദൂരെ നിന്ന് വരുന്ന ആളുകൾ വെള്ളച്ചാട്ടം കാണാതെ മടങ്ങേണ്ടി വരുന്നതിലുള്ള വിഷമം കൊണ്ട് ചെയ്തതാണത്രെ. യുന്തായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാട്ടേണ്ടിവന്നതെന്നും അവർ പറയുന്നുണ്ട്.