ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് ഇന്ത്യ മുന്നണി പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്തുവെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി. എന്നാൽ ഇത് നിതീഷ് നിരസിച്ചുവെന്നാണ് ത്യാഗിയുടെ വെളിപ്പെടുത്തൽ.
അദ്ദേഹത്തെ ഇന്ത്യ സഖ്യത്തിന്റെ കൺവീനറാകാൻ അനുവദിക്കാത്തവരിൽ നിന്നാണ് ആ ഓഫർ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു. ഞങ്ങൾ എൻഡിഎയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ത്യാഗി പറഞ്ഞു.
എന്നാൽ ത്യാഗിയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാക്കളും ഇൻഡ്യ സഖ്യ നേതാക്കളും രംഗത്തെത്തി. സഖ്യത്തിന്റെ ചർച്ച പ്രകാരം പ്രതിപക്ഷത്ത് തുടരാനാണ് തീരുമാനമായതെന്നും നിതീഷ് കുമാറുമായി അത്തരത്തിലുള്ള ചർച്ച നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുവുമായും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) ചേർന്ന് ഇൻഡ്യ സഖ്യം, സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യ സഖ്യം മികച്ച പ്രകടനം കാഴ്ച്ച വെച്ച സാഹചര്യത്തിലായിരുന്നു അത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് കേവല ഭൂരിപക്ഷവും എൻഡിഎയ്ക്ക് 400 സീറ്റും പ്രഖ്യാപിച്ചപ്പോൾ അതിനെ തള്ളി ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം നടത്തി. എൻഡിഎ 293 സീറ്റിലേക്ക് ഒതുങ്ങി. ബിജെപി കഴിഞ്ഞ രണ്ട് തവണയും ഭേദിച്ച 272 എന്ന കേവല ഭൂരിപക്ഷ സഖ്യ മറികടക്കാനായില്ല.