ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നായിയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമില്ലെന്ന് യാക്കോബായ സഭ നിരണം മുൻഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചിരുന്നു. ഇതിന് പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.