ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറയണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
മത്സര രംഗത്തും പാർലമെൻ്റിലും സ്ത്രീ സാന്നിധ്യം കൂടുതൽ വേണമെന്ന് ആനി രാജ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റ് സിപിഐക്ക് അർഹതപ്പെട്ടതാണ്. അത് സിപിഐക്ക് തന്നെ ലഭിക്കണമെന്നും അവർ പ്രതികരിച്ചു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗവും അവകാശവാദമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക.
വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമാണ് വയനാട്ടിൽ നിന്നും അവർ മത്സരിക്കേണ്ട തീരുമാനം കോൺഗ്രസ് എടുത്തത്. കേരളത്തിലെ ഏതെങ്കിലും മുതിർന്ന നേതാവാകും കോൺഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുക.