ന്യൂഡൽഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെ.ഡി.യുവിന്‍റെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് ജനതാദൾ (യുണൈറ്റഡ്) നേതാവ് കെസി ത്യാഗി പറഞ്ഞിരുന്നു. നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ ദേശീയ കൺവീനറാക്കാൻ വിസമ്മതിച്ചവർ ഇപ്പോൾ പ്രധാനമന്ത്രിയാക്കാനുള്ള വാഗ്ദാനങ്ങൾ നടത്തുകയാണെന്നായിരുന്നു ത്യാഗിയുടെ ആരോപണം. കോൺഗ്രസും മറ്റ് പാർട്ടികളും നിതീഷ് കുമാറിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച ത്യാഗി ജെഡിയു ഇന്ത്യാ മുന്നണിയിലേക്ക് തിരിച്ചുവരില്ലെന്നും പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുവുമായും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) ചേർന്ന് ഇൻഡ്യ സഖ്യം, സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യ സഖ്യം മികച്ച പ്രകടനം കാഴ്ച്ച വെച്ച സാഹചര്യത്തിലായിരുന്നു അത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് കേവല ഭൂരിപക്ഷവും എൻഡിഎയ്ക്ക് 400 സീറ്റും പ്രഖ്യാപിച്ചപ്പോൾ അതിനെ തള്ളി ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം നടത്തി. എൻഡിഎ 293 സീറ്റിലേക്ക് ഒതുങ്ങി. ബിജെപി കഴിഞ്ഞ രണ്ട് തവണയും ഭേദിച്ച 272 എന്ന കേവല ഭൂരിപക്ഷ സംഖ്യ മറികടക്കാനായില്ല.