തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ മർദിച്ച സുരക്ഷ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷ ജീവനക്കാരൻ ജുറൈജിനെതിരെയാണ് നടപടി. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.
മണ്ണാമൂല സ്വദേശി ശ്രീകുമാറിനാണു സെക്യൂരിറ്റി ജീവനക്കാരന്റെ മർദനമേറ്റത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽവെച്ച് ശ്രീകുമാറിന് മർദനമേൽക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപസ്മാര രോഗിയായ ശ്രീകുമാറിന് കഴിഞ്ഞമാസം പതിനാറാം തീയതിയാണ് മർദനമേറ്റത്. പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആണ് മെഡിക്കൽ കോളേജിൽ എത്തിയത്.
രോഗിക്ക് പിന്നാലെ സീനിയർ ഉദ്യോഗസ്ഥനും സുരക്ഷാജീവനക്കാരന്റെ മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. രോഗിയെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചത് സംബന്ധിച്ച തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് മൂന്നിന് സെക്യൂരിറ്റി ഓഫീസറുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. സീനിയർ ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. അടിവയറ്റിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി.