India

വയനാട്ടിൽ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കണം; ആവശ്യവുമായി ഡി.എം.കെ

ചെന്നൈ: രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുമ്പോള്‍ അവിടെ പ്രിയങ്കാഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ. രാഹുല്‍ പ്രതിപക്ഷനേതാവ് ആവുമ്പോള്‍, വയനാട് രാജിവെച്ച് പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണന്‍ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രണ്ടുസീറ്റുകളില്‍ വിജയിച്ച രാഹുല്‍ഗാന്ധി, റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനും തീരുമാനിച്ചുവെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാഹുല്‍ ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. 17-നുള്ളില്‍ രാഹുല്‍ ഏത് സീറ്റ് നിലനിര്‍ത്തും എന്നതില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.

രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ നേതൃപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം പ്രമേയം പാസാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലായിരുന്നു പ്രമേയം പാസാക്കിയത്.

Latest News