ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ നാലുപേരെ രക്ഷപ്പെടുത്തിയതായി ഇസ്രയേലി സൈന്യം അറിയിച്ചു. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് രക്ഷപ്പെടുത്തിയത്. നോവ അര്‍ഗമാനി (25), അല്‍മോഗ് മെയിര്‍ ജാന്‍ (21), ആന്റേഡ കൊസ്‌ലോവ് (27), ഷ്‌ലോമി സിവ് (40) എന്നിവരെയാണ് ഇസ്രയേലി സൈന്യം പകല്‍സമയത്ത് നടത്തിയ സൈനിക നടപടിയിലൂടെ രക്ഷപ്പെടുത്തിയത്. രണ്ട് വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നാണ് ഇവരെ മോചിപ്പിച്ചത്.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപ്പേരെ ബന്ദികളാക്കുകയും ചെയ്തത്. തെക്കന്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 250-ഓളം പേരെയാണ് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. നവംബറിലെ ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് പിന്നാലെ പകുതിയോളം പേരെ ഹമാസ് വിട്ടയച്ചിരുന്നു.
ഇനിയും 130-ഓളം പേര്‍ മോചിക്കപ്പെടാനുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം പേര്‍ ജീവനോടെയില്ലെന്നും ഇസ്രയേല്‍ കരുതുന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് നാലുപേരെ ജീവനോടെ മോചിപ്പിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത്. ശനിയാഴ്ചത്തെ നടപടിയോടെ ഹമാസിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ എണ്ണം ഏഴായി.