കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ. കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.
2012 മെയ് നാലിനാണ് ആര്.എം.പി സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറിൽ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി 11 പേർക്ക് ജീവപര്യന്തം തടവും മറ്റൊരാൾ ലംബു പ്രദീപിന് മൂന്ന് വർഷം തടവും വിധിച്ചിരുന്നു.
സിപിഐഎം മുൻ പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തൻ 2020 ജൂൺ 11 ന് ജയിൽവാസത്തിനിടെ മരിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു.