ഭുവനേശ്വര്‍: ഒഡിഷയിലെ വന്‍ പരാജയത്തിന് കാരണക്കാരനെന്ന രീതിയിൽ വലിയ വിമര്‍ശനമേറ്റുവാങ്ങുന്ന വി.കെ. പാണ്ഡ്യന് പിന്തുണയുമായി ബി.ജെ.ഡി. അധ്യക്ഷന്‍ നവീന്‍ പട്നായിക്. പരാജയത്തിന് വി.കെ. പാണ്ഡ്യനെ പഴിപറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും പട്നായിക് പറഞ്ഞു.
പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്നും അത് ആരാകണമെന്ന കാര്യം ജനം തീരുമാനിക്കുമെന്നും പട്നായിക് വ്യക്തമാക്കി. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ തമിഴ്നാട്ടുകാരനാണ്. സിവിൽ സർവീസ് വിട്ടാണ് രാഷ്ട്രീയത്തിൽ വന്നത്.
കഴിഞ്ഞ പത്തുവർഷത്തിലധികമായി സംസ്ഥാനത്ത് ബ്യൂറോക്രാറ്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ ആളാണ് പാണ്ഡ്യൻ. പിന്നീട് ബി.ജെ.ഡിയിലെത്തിയശേഷവും നന്നായി പ്രവർത്തിച്ചു. സത്യസന്ധനായ മനുഷ്യനാണ് അയാൾ. അത് മറക്കരുതെന്ന് പട്നായിക് പറഞ്ഞു.
പാണ്ഡ്യനെതിരെയുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടു. അത് ദൗര്‍ഭാഗ്യകരമാണ്. ഭരണതലത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രണ്ടു തവണ ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. വിദ്യാഭ്യാസ- ആരോഗ്യ- കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പട്നായിക് പറഞ്ഞു.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജോലിയില്‍നിന്ന് രാജിവെച്ച് അദ്ദേഹം പാര്‍ട്ടിക്ക് സംഭാവനകള്‍ ചെയ്തു. അദ്ദേഹം ഒരു പദവിയും വഹിച്ചിരുന്നില്ല, ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു മണ്ഡലത്തിലത്തിന് വേണ്ടിയും വാദിച്ചില്ല. അദ്ദേഹം സത്യസന്ധതയും ആര്‍ജവവുമുള്ള വ്യക്തിയാണ്, അത് ഓര്‍മിക്കപ്പെടുമെന്നും പട്നായിക് കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യന് തന്റെ രാഷ്ട്രീയ പിന്‍ഗാമിയല്ലെന്ന് ആവര്‍ത്തിച്ച പട്നായിക് അതാരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അഭിപ്രായപ്പെട്ടു.