ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം വ്യാപിക്കുന്നു. ജിരിബാം ജില്ലയിൽ സായുധസംഘം പൊലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. സംഘം തോക്കുകൾ കൈവശം വച്ചിരുന്നതായും മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിൽ നിന്നാവാം ഇവർ എത്തിയതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ 12.30ഓടെ ചോട്ടോബെക്ര മേഖലയിലെ ജിരി പൊലീസ് ഔട്ട്‌പോസ്റ്റാണ് അക്രമികൾ കത്തിച്ചത്. തലസ്ഥാന നഗരമായ ഇംഫാലിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള മൊധുപൂർ പ്രദേശത്തെ ലാംതായ് ഖുനൂവിൽ ഇവർ രാത്രി സമയം ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായും അധികൃതർ പറയുന്നു.
ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലെ നിരവധി വീടുകൾ അഗ്നിക്കിരയായെങ്കിലും കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജിരിബാമിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സായുധ സംഘത്തെ നേരിടാൻ മണിപ്പൂർ പൊലീസിൻ്റെ കമാൻഡോ സംഘത്തെ ശനിയാഴ്ച രാവിലെ ജിരിബാമിൽ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.