ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോൺസ്റ്റബിളിനെ പിന്തുണച്ച് ഇന്നു മൊഹാലിയിൽ മാർച്ച് നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു. സസ്പെൻഷനിലായ കുൽവിന്ദർ കൗറിന് ഇവർ നിയമപിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദഡ്ലാനി കുൽവിന്ദറിനു ജോലി വാഗ്ദാനം ചെയ്തു.
അതേസമയം, സിഐഎസ് എഫ് കോൺസ്റ്റബിളിനു പിന്തുണയുമായി രംഗത്തെത്തിയവരെ വിമർശിച്ചു വിഡിയോ പങ്കുവച്ച കങ്കണ പീഡനത്തെയും കൊലപാതകത്തെയും അവർ പിന്തുണയ്ക്കുമോ എന്നു ചോദിച്ചു. മുതിർന്ന നടി ഷബാന ആസ്മി ഉൾപ്പെടെയുള്ളവർ കങ്കണയ്ക്കു പിന്തുണയുമായി രംഗത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്കു നിയമം കയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നു പഞ്ചാബ് കിസാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണു ചണ്ഡിഗഡ് വിമാനത്താവളത്തിൽ കങ്കണ കയ്യേറ്റം നേരിട്ടത്. കർഷകരെ അപമാനിച്ചതിന് എന്നു പറഞ്ഞ് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ മുഖത്തടിക്കുകയായിരുന്നു.