ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ജിരിബം ജില്ലയിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ എഴുപതോളം വീടുകൾക്കും രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകൾക്കും ഒരു ഫോറസ്റ്റ് ഓഫിസിനും തീവെച്ചു. ജിരി മുഖ്, ചോട്ടോ ബെക്ര ഔട്ട്പോസ്റ്റുകളും ഗോഖൽ ഫോറസ്റ്റ് ബീറ്റ് ഓഫിസും ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാൽ, ബെഗ്ര ഗ്രാമങ്ങളിലെ വീടുകളുമാണ് അഗ്നിക്കിരയാക്കിയത്. അക്രമങ്ങളെ തുടർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 239 മെയ്തെയ് വിഭാഗക്കാരെ പുതുതായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തീവ്രവാദികളെ പിടികൂടാൻ സുരക്ഷസേനയെ സഹായിക്കുന്നതിന് ഇംഫാലിൽനിന്ന് മണിപ്പൂർ പൊലീസിന്റെ കമാൻഡോ വിഭാഗത്തെ വിമാന മാർഗം ജിരിബമിൽ എത്തിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജിരിബം എസ്.പി എ. ഘനശ്യാം ശർമയെ സ്ഥലം മാറ്റി. പകരം എം. പ്രദീപ് സിങ്ങിനാണ് ചുമതല. ജൂൺ ആറിന് സോയിബം ശരത്കുമാർ സിങ് (59) എന്നയാളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഫാമിലേക്ക് പോയ ഇയാളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കെട്ടിടത്തിന് തീവെച്ചു.
തുടർന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തങ്ങളിൽനിന്ന് പിടിച്ചെടുത്ത ലൈസൻസുള്ള തോക്കുകൾ വോട്ടെടുപ്പ് പൂർത്തിയായതിനാൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജിരിബം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ജിരിബം ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ഇന്നർ മണിപ്പൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ നിയുക്ത എം.പി അൻഗൊംച ബിമോൽ അകൊയ്ജം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. നഗരത്തിലുള്ളവർക്ക് സുരക്ഷയുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലുള്ളവർക്ക് ആവശ്യമായ സുരക്ഷ ഇതുവരെ ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.