അബുദാബി : യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ഇൗ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഇൗ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിലും ചന്ദ്രക്കല ദൃശ്യമായി. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇൗമാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന് തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.