Food

ചോറിന്റെയോ കപ്പ വേവിച്ചതിന്റെയോ കൂടെ ഈ മീന്‍ കറി കഴിച്ചു നോക്കൂ.. ആഹാ! അതിന്റെയൊരു സ്വാദ്…!

ചോറിനും കപ്പയ്ക്ക് ഒപ്പവുമെല്ലാം കഴിക്കാവുന്ന ഒരു കിടിലൻ മീൻ കറി, ആഹാ! അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കുടമ്പുളിയിട്ട നല്ല കിടിലൻ മീൻ കറി റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീന്‍- ഒരു കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചെറിയ ഉള്ളി
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • കടുക്
  • കാശ്‌മീരി മുളകുപൊടി
  • ഉലുവാപ്പൊടി
  • കായപ്പൊടി
  • മഞ്ഞള്‍പ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്നവിധം

ഒരു കിലോ മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തില്‍ മൂന്ന്-നാല് തുണ്ടം ഇഞ്ചിയും ഏകദേശം ഇരുപത് അല്ലി വെളുത്തുള്ളിയും പൊടിയായി അരിഞ്ഞു വെയ്ക്കുക. കൂടെ മൂന്നോ നാലോ തണ്ട് കറി വേപ്പില തണ്ടോട് കൂടി കഴുകി വെയ്ക്കുക. ചെറിയ ഉള്ളി ആറെണ്ണം നാലായി കീറി വയ്ക്കുക.

ഇനി ഒരു മണ്‍ചട്ടിയില്‍ കഴുകി വൃത്തിയാക്കി വെച്ച മീന്‍ നിരത്തിയിട്ട് മൂന്നോ നാലോ കഷണം കുടമ്പുളിയും രണ്ടു കതിര്‍ കറിവേപ്പിലയും അതിലേക്കു ഇട്ടു വയ്ക്കുക.

ഇനി ഒരു ചീനച്ചട്ടിയില്‍ രണ്ടു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില, കടുക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എല്ലാം കൂടി നന്നായി വഴറ്റുക. വഴണ്ടതിനു ശേഷം തീ കുറച്ചു വെച്ച് രണ്ടര ടേബിള്‍സ്‌പൂണ്‍ കാശ്മീരി മുളകുപൊടി, കാല്‍ ടീസ്‌പൂണ്‍ ഉലുവാപ്പൊടി, ഒരു നുള്ള് കായപ്പൊടി, അര ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു തീ വളരെ കുറച്ചു വെച്ച് മൂപ്പിക്കുക.

പൊടികളുടെ പച്ചചുവ മാറി നന്നായി മൂത്തതിനു ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് തിള വരുമ്പോള്‍ ചട്ടിയിലേക്ക് ഒഴിച്ചു ഒരു സ്‌പൂണ്‍ ഉപ്പും ചേര്‍ത്ത് ചട്ടി ഒന്നു ചുറ്റിച്ചു മുകളില്‍ രണ്ടു കതിര്‍ കറിവേപ്പില ഇട്ടു അടച്ചു വെച്ചു മീഡിയം തീയില്‍ വേവിയ്ക്കുക. ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞു അടപ്പ് മാറ്റിനോക്കുമ്പോള്‍ ചാറു കുറുകിയെങ്കില്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ചുറ്റിച്ചു തീയ് അണച്ച് അടച്ചു വെയ്ക്കുക. എരിവും പുളിയും നന്നായി മീന്‍ കഷണങ്ങളില്‍ പിടിച്ചിട്ടു പിറ്റേ ദിവസമേ എടുക്കാവൂ.