കോഴിക്കോട് : കൊടുംകാടിന് നടുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ‘തടഞ്ഞ്’ കടുവ. ശനിയാഴ്ച രാത്രി ബന്ദിപ്പുരിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് രാത്രി എട്ടുമണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് അപ്രതീക്ഷിതമായി അപൂര്‍വദൃശ്യത്തിന് സാക്ഷിയാകാന്‍ സാധിച്ചത്. ബസ്സിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ കടുവയുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
കാടിന് നടുവിലൂടെയുള്ള റോഡിന്റെ നടുവില്‍ കിടന്ന് ഇരയെ ഭക്ഷിക്കുകയായിരുന്ന കടുവയുടെ സമീപത്തേക്ക് വേഗത കുറച്ചാണ് ബസ് എത്തുന്നത്. കടുവ കിടക്കുന്നതിന് തൊട്ടുമുമ്പായി ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കടുവയെ വ്യക്തമായി ദീര്‍ഘസമയം കാണാന്‍ കഴിഞ്ഞു.
സ്വിഫ്റ്റ് ബസ് തനിക്ക് പറ്റിയ ‘ഇര’യല്ല എന്ന് തോന്നിയതുകൊണ്ടാകാം ബസ് വരുന്നതുകണ്ട് കടുവ റോഡില്‍നിന്ന് എഴുന്നേറ്റ് വശത്തേക്ക് മാറിക്കിടന്ന് ബസ്സിന്‍റെ മാർഗതടസ്സം നീക്കി. വളരെ പതുക്കെയാണ് ബസ് കടുവയെ കടന്നുപോയത്.
സ്വസ്ഥമായി കിടന്ന് അത്താഴം കഴിക്കുകയായിരുന്ന തന്നെ ‘ഡിസ്റ്റര്‍ബ്’ ചെയ്തതിന്റെ പരിഭവമൊന്നും കടുവ കാണിച്ചില്ല. റോഡിന്റെ വശത്തേക്ക് മാറിക്കിടന്ന് കടുവ തന്റെ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ ബസ്സിലെ യാത്രക്കാര്‍ പരിചയക്കാരനോടെന്നപോലെ ‘ഹലോ’ എന്നെല്ലാം വിളിച്ച് കടുവയുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജാണ് കടുവയുടെ ദൃശ്യം പുറത്തുവിട്ടത്.