ന്യൂഡല്‍ഹി : മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചുതുടങ്ങി. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാര്‍ക്കായി നിയുക്തപ്രധാനമന്ത്രി ചായസത്കാരം നടത്തും.
സുരേഷ് ഗോപിയും കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന. അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നാം മോദിമന്ത്രിസഭയിൽ രാജ്‌നാഥ് സിങ്ങിന് പ്രതിരോധവകുപ്പുതന്നെ ലഭിക്കാനാണ് സാധ്യത. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആദ്യഘട്ടത്തില്‍ 30 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ചായസൽക്കാരത്തിൽ പങ്കെടുക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചത്.
ആന്ധ്രയില്‍നിന്നുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.