ചിക്കൻ കട്ലറ്റ്, മട്ടൺ കട്ലറ്റ്, ഫിഷ് കട്ലറ്റ്, വെജിറ്റബിൾ കട്ലറ്റ് ഈ പറയുന്ന കട്ലറ്റുകളെല്ലാം നിങ്ങൾ കഴിച്ചിട്ടുണ്ടാകും. ചീരയും പനീറും കൊണ്ടുള്ള കട്ലറ്റ് കഴിച്ചിട്ടുണ്ടോ. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കട്ലറ്റാണ് ചീര പനീർ കട്ലറ്റ് . സ്വാദൂറും ചീര പനീർ കട്ലറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചീര – 2 കപ്പ്
- പനീർ – 2 കപ്പ്
- സവാള – ഒന്ന്
- കാരറ്റ് – അര കപ്പ്
- കാബ്ബേജ് – അര കപ്പ്
- ബീൻസ് – അര കപ്പ്
- ഉരുളക്കിഴങ്ങു – രണ്ടെണ്ണം വേവിച്ചത്
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- ഗരം മസാല – അര ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
- മുട്ട – ഒന്ന്
- ഉപ്പു – ആവശ്യത്തിന്
- ബ്രെഡ് ക്രമ്പ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീരയും കാബ്ബേജും സവാളയും ബീൻസും ചെറുതായി അരിയണം. കാരറ്റ് ഗ്രേറ്റ് ചെയ്തു എടുത്താൽ മതി. പനീർ നന്നായിപൊടിച്ചു എടുക്കണം.
മുട്ട നന്നായി അടിച്ചു മാറ്റിവെക്കുക)
ആദ്യം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം സവാള വഴറ്റണം. സവാള വഴറ്റി കഴിയുമ്പോൾ എല്ലാ പച്ചക്കറികളും ചേർത്ത് നന്നായി വഴറ്റണം. പനീർ പൊടിച്ചതും ചേർത്ത് കൊടുക്കാം. ഇനി മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും എന്നിവ ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
നന്നായി ഡ്രൈ ആകുന്നവരെ വഴറ്റിക്കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂട് മാറി കഴിഞ്ഞു ഉരുള കിഴങ്ങു പൊടിച്ചു ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കണം. ഇനി ഉരുളകൾ ആക്കി കൈവെള്ളയിൽ വെച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയിൽ ആക്കം. ഇനി അത് മുട്ടയിൽ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്സിൽ പൊതിഞ്ഞു എടുക്കുക. ഇനി എണ്ണയിൽ വറുത്തു കോരിയെടുക്കാം. സ്വാദൂറും ചീര-പനീർ കട്ലറ്റ് തയ്യാറായി.