ന്യൂഡൽഹി : നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. പ്രസിഡൻ്റ് മുയിസുവിനെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി പവൻ കപൂറാണ് സ്വീകരിച്ചത്.
” പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോകനേതാക്കളാണ് ഡൽഹിയിൽ എത്തുന്നത്. മുഹമ്മദ് മുയിസുവിന് ഊഷ്മളമായ സ്വീകരണം നൽകി ഡൽഹിയിലേക്ക് വരവേറ്റു. ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപുമായുള്ള ബന്ധം വീണ്ടും ദൃഢപ്പെടുത്തും.”- വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
നേരത്തെ ഒരു പ്രസ്‌താവനയിൽ പ്രസിഡൻ്റ് മുയിസു പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹകരിക്കാനുളള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവർ പങ്കെടുക്കും.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എൻഡിഎ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചതോടെ പ്രധാനമന്ത്രിയാകാന്‍ മോദി ഒരുങ്ങുകയാണ്. മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ന് വൈകിട്ട് 7:15 ന് മോദി സത്യപ്രതിജ്ഞ ചെയ്യും.