ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ.. ആഗ്രഹിക്കുന്നതിനും സ്വപ്നം കാണുന്നതിനും വിലയൊന്നും കൊടുക്കണ്ടല്ലോ അല്ലേ. എന്നാൽ നമ്മുക്ക് ചെറിയൊരു കാര്യം ആഗ്രഹിച്ചാലോ? മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ തിരിച്ചു വന്നിരുന്നെങ്കിൽ. ഇത് ഒരിക്കലെങ്കിലും ഓർത്ത് കാണും അല്ലേ.? എന്നാൽ ഈ ആഗ്രഹം സാധിക്കും. കുറുക്ക് വഴിയിലൂടെയല്ല ശാസ്ത്രത്തിലൂടെ,
അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെലിലുള്ള അൽകോറിൻ്റെ താവളത്തിൽ ഇന്നുവരെ 227 മനുഷ്യരാണ് മരണശേഷവും തിരിച്ചുവരവ് കാത്തു കിടക്കുന്നത്.
ഇവിടെ ഉള്ള എല്ലാ ശരീരങ്ങളും കൊടും തണുപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലിക്വിഡ് നൈട്രജൻ നിറച്ച സിലിണ്ടർ ആകൃതിയിലുള്ള ടാങ്കുകളിലാണ് ഈ മനുഷ്യ ശരീരങ്ങൾ കഴിയുന്നത്. മനുഷ്യർക്കു പുറമേ വളർത്തു മൃഗങ്ങളേയും അൽകോർ ഇങ്ങനെ തണുപ്പിച്ചു സൂക്ഷിക്കുന്നുണ്ട്. ഭാവിയിൽ വൈദ്യശാസ്ത്രം പുരോഗമിക്കുന്നതോടെ ഇവർക്ക് വീണ്ടും ആരോഗ്യത്തോടെ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയാണ് അൽക്കോർ പറയുന്നത്.
അൽകോറിൻ്റെ വെബ് സൈറ്റിൽ ക്രയോപ്രിസർവേഷൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു പറയുന്നു. നിയമപരമായി മരണം ഉറപ്പിക്കുമ്പോൾ മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. ഇത് പരമാവധി നല്ല നിലയിൽ അവയവങ്ങൾ ലഭിക്കുമെന്ന് ഉറപ്പിക്കാൻ സഹായിക്കും. ഐസ് ബാത്ത് മരണമടഞ്ഞയാളുടെ ശരീരത്തിലെ രക്തം മാറ്റി അവയവങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക ലായനി നിറയ്ക്കും. പിന്നീട് 320.8 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴ്ന്ന താപനിലയിലേക്ക് ശരീരം ലിക്വിഡ് നൈട്രജൻ്റെ സഹായത്തിൽ മാറ്റും.
“ഈ കാലഘട്ടത്തിൽ ചികിത്സയില്ലാത്ത രോഗങ്ങൾ ബാധിച്ചു മരിച്ചവരെ ഭാവിയിൽ ജീവിതത്തിലേക്ക് കൊണ്ടുവരാനാവുമെന്ന വിചിത്ര വാദമാണ് അൽകോർ മുൻ സിഐഒ മാക്‌സ് മോർ മുന്നോട്ടുവെക്കുന്നത്. ‘മനുഷ്യരെ സംസ്കരിക്കുന്നതിനു പകരം ഞങ്ങൾക്കു തരിക. ഞങ്ങൾ അവരെ പരമാവധി കാലം സൂക്ഷിക്കാം. സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും പുരോഗമിക്കുന്ന കാലത്ത് അവർക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനും ജീവിക്കാനും സാധിക്കും’ മാക്‌സ് മോർ പറയുന്നു. അതേസമയം ക്രയോപ്രിസർവേഷൻ എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യയുടെ കാര്യത്തിൽ വൈദ്യശാസ്ത്ര രംഗത്തേയും നിയമ രംഗത്തേയും പലരും അവിശ്വാസം രേഖപ്പെടുത്തുന്നുണ്ട്.” കാരണം മരിച്ചു എന്ന് ഉറപ്പിച്ചാളെ എങ്ങനെയാണ് തിരിച്ചു കൊണ്ട് വരിക. പ്രതീക്ഷയില്ലാത്ത ആഗ്രഹം എന്നാണ് ഇതിനെ പലരും പറയുന്നത്.1972ൽ സ്ഥാപിതമായ അൽകോർ 1976ലാണ് ആദ്യമായി മനുഷ്യരെ ശീതീകരിച്ചു സൂക്ഷിച്ചു തുടങ്ങിയത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി മനുഷ്യനെ മരണശേഷം ശീതീകരിച്ചു സൂക്ഷിച്ചത് 1967ലായിരുന്നു. 73 വയസ്സിൽ കിഡ്‌നി ക്യാൻസർ വന്നു മരിച്ച സൈക്കോളജിസ്റ്റ് ജെയിംസ് എച്ച് ബെഡ്‌ഫോർഡായിരുന്നു ഇത്. ഇന്ന് അൽകോറിൻ്റെ ടാങ്കുകളിലൊന്നിൽ ജെയിംസ് എച്ച് ബെഡ്ഫോർഡിൻ്റെ ശീതീകരിച്ച ശരീരം കഴിയുന്നുണ്ട്.
രണ്ടു വയസുകാരി മാതറിനാണ് അൽകോർ ശരീരം ശീതീകരിച്ചു സൂക്ഷിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. 2015ൽ മസ്തിഷ്‌കത്തിൽ അർബുദം ബാധിച്ചാണ് തായ് സ്വദേശിയായ മാതറിൻ മരിച്ചത്. മാതറിൻ്റെ മാതാപിതാക്കൾ ഡോക്ടർമാരായിരുന്നു. രണ്ടു ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവർക്ക് ജീവൻ രക്ഷിക്കാനായില്ല. ബിറ്റ്‌കോയിൻ വികസിപ്പിച്ചവരിൽ ഒരാളായ ഹാൽ ഫിന്നി, ബേസ്‌ബോൾ കളിക്കാരൻ ടെഡ് വില്യംസ് എന്നിവരും അൽകോറിൻ്റെ സിലിണ്ടറുകളിൽ കഴിയുന്നു.