ഇപ്പോൾ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. കാലവർഷം ശക്തി പ്രാപിക്കും തോറും ഓരോ വീട്ടമ്മമാരുടെയും ഉള്ളിൽ ഭയമാണ് മറ്റൊന്നുമല്ല മഴക്കാലത്ത് തുണി ഉണക്കുന്നത് എങ്ങനെയാണ് എന്ന ഭയമാണ്. സ്കൂൾ കൂടി തുറന്നതുകൊണ്ട് കുട്ടികളുടെ സ്കൂൾ യൂണിഫോമും മറ്റുമായി നിങ്ങളുടെ വീട്ടിൽ ഇപ്പോൾ തുണികൾ കുന്നുകൂടി കിടക്കുകയായിരിക്കും ഇവ എങ്ങനെയും നമുക്ക് നനച്ച് എടുക്കാം പക്ഷേ ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെയധികം പ്രയാസം ഉള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഈ മഴക്കാലത്ത് തുണികൾ എങ്ങനെ ഉണക്കിയെടുക്കാം എന്ന് നോക്കാം.
വീടിനുള്ളിൽ ആരും ഉപയോഗിക്കാത്ത ഒരു സ്ഥലം എന്താണെങ്കിലും ഉണ്ടാവും എല്ലാ വീട്ടിലും അങ്ങനെയൊരു ഇടം ഉള്ളത് വ്യക്തമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഒരു ഡ്രൈയിങ്ങ് റാക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ ഒരു കയർ ഉപയോഗിച്ച് അയ കെട്ടിയാലും മതി. ശേഷം തുണികൾ അവിടെ ഇട്ടതിനു ശേഷം ഉണക്കിയെടുക്കാവുന്നതാണ്. ഫാൻ ഉപയോഗിച്ചോ അല്ലെങ്കിൽ നല്ല കാറ്റും വെളിച്ചവും വരുന്ന ജനലുകൾ ഉപയോഗിച്ചോ ഒക്കെ ഈ തുണികൾ നമുക്ക് ഭംഗിയായി ഉണക്കിയെടുക്കാം. പറ്റുകയാണെങ്കിൽ കാറ്റും വെളിച്ചവും ഒക്കെ കയറുന്ന നല്ല ജനലുള്ള ഒരു മുറി തന്നെ ഇക്കാര്യത്തിനു വേണ്ടി തിരഞ്ഞെടുക്കുക.
മറ്റൊരു മാർഗ്ഗം എന്നത് ഡിഹ്യൂമിഡിഫയർ എന്ന ഒരു ഉപകരണം ആണ്. മഴക്കാലങ്ങളിൽ തുണി ഉണക്കാൻ സഹായിക്കുന്ന വളരെ സഹായപ്രദമായ ഒരു ഉപകരണം തന്നെയാണ് ഇത്. വായുവിലെ ഈർപ്പം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത് പൊതുവെ ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ ഇവയിൽ വച്ചതിനു ശേഷം തുണി ഉണക്കാൻ സാധിക്കും. തുണി വിരിച്ചിടുന്നത് എവിടെയാണോ അതിനടുത്തായി ഈ ഒരു ഉപകരണം വയ്ക്കണം അങ്ങനെയാണെങ്കിൽ തുണി വളരെ പെട്ടെന്ന് ഉണങ്ങിവരുന്ന ഒരു സാഹചര്യം കാണാൻ സാധിക്കും.
മറ്റൊന്ന് എല്ലാവരുടെയും വീട്ടിലുള്ള ഫാനുകൾ തന്നെയാണ്. സൂര്യപ്രകാശത്തിൽ തുണി ഉണങ്ങി കിട്ടുന്നത് തന്നെയാണ് ആരോഗ്യപ്രദം എങ്കിലും സാഹചര്യം അനുവദനീയമല്ലാത്ത സാഹചര്യത്തിൽ വേണമെങ്കിൽ സ്റ്റാൻഡ് ഉള്ള ഫാനുകൾ ഉപയോഗിച്ചും തുണി ഉണക്കിയെടുക്കാം. അത്യാവശ്യഘട്ടങ്ങളിൽ സ്കൂൾ യൂണിഫോം പോലെയുള്ളവയൊക്കെ ഇത്തരത്തിൽ ഉണക്കിയെടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടും. ഒപ്പം തന്നെ സീലിംഗ് ഫാൻ കൂടി ഉപയോഗിക്കാം.
മറ്റൊന്ന് പല വീടുകളിലും ഇന്ന് സുലഭമായി കാണുന്ന ഒന്നാണ് ഹെയർ ഡ്രയർ. പലപ്പോഴും നമ്മൾ മുടി ഉണക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് ഹെയർ ഡ്രയർ എന്നാൽ കുട്ടികളുടെ യൂണിഫോം തുണികളും ഒക്കെ പെട്ടെന്ന് ഉണങ്ങി കിട്ടണം എന്നുണ്ടെങ്കിൽ നമുക്ക് ഹെയർ ഡ്രയർ ഉപയോഗിച്ചു കൊണ്ട് തുണി ഉണക്കാൻ സാധിക്കും. ഇതിൽ നിന്നും നല്ല രീതിയിൽ ചൂട് ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ തുണി ഉണങ്ങി കിട്ടുകയും ചെയ്യും. എന്നാൽ ഇതിൽ ഒരുപാട് ചൂട് വരുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
പെട്ടെന്ന് തുണി ഉണക്കാൻ പറ്റുന്ന മറ്റൊരു മാർഗ്ഗം എന്നത് ഒരുവിധം വെള്ളം പോയ തുണികൾ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഉണക്കി എടുക്കുക എന്നതാണ്. നല്ല വെള്ളമുള്ള തുണിയിൽ അയൺ ബോക്സ് ഉപയോഗിക്കുകയാണെങ്കിൽ ചില സാഹചര്യങ്ങൾ എങ്കിലും ഷോക്ക് ഏൽക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഒരുവിധം വെള്ളം പോയ തുണികളിലായിരിക്കണം അയൺ ബോക്സ് ഉപയോഗിക്കുന്നത്. ഇതിനുപുറമേ ഹീറ്റർ ഒക്കെയുള്ള വീടുകളിൽ ആണെങ്കിൽ അവയൊക്കെ തന്നെ തുണി ഉണക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. നന്നായി പിഴിഞ്ഞ് വാഷിംഗ് മെഷീനിൽ ഡ്രൈയർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് പാതിയോളം തുണി ഉണക്കിയതിനു ശേഷം ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തുണി ഉണക്കാൻ സാധിക്കും.