Kerala

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതം: സുനിൽകുമാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതമെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാർ. എൽഡിഎഫിന്റെ മേയർ എം.കെ.വർഗീസ് തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന ഗുരുതര ആരോപണവും സുനിൽ ഉയർത്തി. മേയർ പദവിയിൽ അദ്ദേഹത്തെ വച്ചുകൊണ്ടിരിക്കരുത്. പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് എൽഡിഎഫിന് അന്തസ്സ്– മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ സുനിൽകുമാർ പറഞ്ഞു.

സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളതെന്ന് സുനിൽകുമാർ ചൂണ്ടിക്കാട്ടി. അതിനിടയിൽ കമ്മിഷണർ പ്രകോപനപരമായി പെരുമാറിയത് യാദൃച്ഛികമായി കാണാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടാകാം. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത്. സംഭവം നടന്ന ഉടനെ ആർഎസ്എസ് നേതാക്കൾ അവിടെ പ്രത്യക്ഷപ്പെട്ടു. ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി ആരും അറിയാതെ സംഭവിക്കില്ല. ഇടപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി ചിലർ ഉപയോഗിച്ചു. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥർ പങ്കുവഹിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരുന്നത് സർക്കാരിന്റെ ഇടപെടൽ മൂലമാണ്– സുനിൽ പറഞ്ഞു.