നെയ്യാറ്റിൻകര: ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. മണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ..
ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോൾ മണിലാൽ എന്തോ ദ്രാവകം കുപ്പിയിൽനിന്ന് കുടിച്ചു കസേരയിൽ ഇരിക്കുന്നതാണു കണ്ടത്.
വീടിനകത്തു കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്മിത എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.
തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്.