Food

വീട്ടിൽ മാമ്പഴവും റവയും പാലും ഉണ്ടോ? കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയുള്ള ഐസ്ക്രീം വീട്ടിൽ തയ്യറാക്കാം

കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണല്ലോ ഐസ്ക്രീം. വീട്ടിൽ മാമ്പഴവും റവയും പാലും ഉണ്ടെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയുള്ള ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • റവ – 2 ടേബിൾസ്പൂൺ
  • പാൽ – 3 കപ്പ്‌
  • പഞ്ചസാര – 1/2 കപ്പ്‌
  • മാമ്പഴം – 1 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം റവ അഞ്ച് ടേബിൾ സ്പൂൺ പാലിൽ സ്പൂൺ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക. ശേഷം മൂന്ന് കപ്പ്‌ പാല് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ മിക്സ് ചെയ്ത റവ ഒഴിച്ച് നന്നായി ഒന്ന് ഇളക്കികൊടുക്കുക. ഇതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. കട്ടിയായി വരുമ്പോൾ തീ ഓഫ്‌ ചെയ്യുക.ശേഷം ഇവ നന്നായി തണുപ്പിക്കാൻ വയ്ക്കുക.

ശേഷം മാമ്പഴം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് റവ പാൽ മിശ്രിതം ഒഴിച്ച് കൊടുക്കുക. (അര ടീസ്പൂൺ വാനില എസെൻസും അര ടീസ്പൂൺ മാങ്ങാ എസെൻസും ചേർക്കുന്നത് നല്ലതായിരിക്കും, നിർബന്ധം ഇല്ല).

ഇനി ഇവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഒഴിച്ചു ഫ്രീസറിൽ രണ്ട് മണിക്കൂർ തണുപ്പിച്ചെടുക്കുക. രണ്ട് മണിക്കൂറിനു ശേഷം വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. വീണ്ടും 7 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. രുചികരമായ മാംഗോ ഐസ്ക്രീം തയ്യാറായി.
­