തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണം സംബന്ധിച്ച അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിശദീകരണം പരിശോധിച്ചശേഷം അവരെ സർവീസിൽ തിരിച്ചെടുത്തതായും ടി.സിദ്ദിഖിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത നിലയിലാണ് സഹപാഠികൾ സിദ്ധാർഥിനെ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിദ്ധാർഥ് റാഗിങിന് വിധേയമായതായും ദിവസങ്ങൾക്ക് മുൻപ് മർദനത്തിന് ഇരയായതായും അന്വേഷണത്തിൽ കണ്ടെത്തി. 20 വിദ്യാർഥികളെ അറസ്റ്റു ചെയ്തു ശക്തമായ നിയമനടപടി സ്വീകരിച്ചു. സിദ്ധാർഥിന്റെ മാതാവ് സിബിഐ അന്വേഷണത്തിന് സർക്കാരിന് അപേക്ഷ നൽകി. ആ ദിവസം തന്നെ സർക്കാർ സിബിഐയ്ക്ക് അന്വേഷണം കൈമാറി. സിബിഐ കേസ് അന്വേഷിക്കുകയാണ്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല ക്യംപസുകളിലും സമാന്തര നിയമ വ്യവസ്ഥ നിലനിൽക്കുന്നതായും ഇതിനെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും സിദ്ദിഖ് ചോദിച്ചു. റാഗിങിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി മറുപടി നൽകി.