ജയിച്ചാല്‍ കേരളത്തിന് കേന്ദ്രമന്ത്രി ഉറപ്പാണെന്ന് ആരാണ് പറഞ്ഞത്. ജനങ്ങളെ മുഖത്തു നോക്കി പറഞ്ഞു പറ്റിച്ചത്, കേന്ദ്ര ബി.ജെ.പി നേതാക്കളോ അതോ സംസ്ഥാന നേതാക്കളോ. ഏതയാലും സുരേഷ് ഗോപി അതില്‍ നിഷ്‌ക്കളങ്കനും, സത്യസന്ധനുമാണ്. നരേന്ദ്രമോദി എന്തു പറയുന്നുവോ അതുപോലെ ചെയ്യാമെന്നല്ലാതെ മറ്റൊന്നും സുരേഷ്‌ഗോപിക്കില്ല. അപ്പോള്‍ പറഞ്ഞു പറ്റിച്ചത് സംസ്ഥാനത്തെ നേതാക്കളാണ്. അവര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത് ഓര്‍ത്താല്‍ മതി. ജയിച്ചാല്‍ കേന്ദ്രമന്ത്രിയായിരിക്കും. കേരളത്തിന് കേന്ദ്രമന്ത്രിയെ നഷ്ടപ്പെടരുതെന്നായിരുന്നു പ്രചാരണം. മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്ഡ, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിച്ചതു പോലും കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ്. തെരഞ്ഞടുപ്പില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയും, തോറ്റാല്‍ കേന്ദ്രസഹമന്ത്രിയും എന്നായിരുന്നു പ്രതീതി.
പക്ഷെ, രോഗി ഇച്ഛിച്ചത് പാലാണെങ്കിലും വൈദ്യന്‍ കല്‍പ്പിച്ചത് പാവയ്ക്കാ നീരായിപ്പോയി. ഇത് ചതിയാണെന്ന് ആദ്യം പറയേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വമാണ്. കേരളത്തിലെ ആദ്യ ബി.ജെ.പി എം.പിയാണ് സുരേഷ്‌ഗോപി. അദ്ദേഹത്തെ ഒരു സഹമന്ത്രിയാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടിയിരുന്നത് സംസ്ഥാന നേതൃത്വമായിരുന്നു. കഷ്ടപ്പെട്ട് ഒരു സീറ്റുണ്ടാക്കാന്‍ എത്രകാലമായി പണിയെടുക്കുകയാണ് കേരളത്തില്‍. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ഷെയര്‍ കൂട്ടിക്കൂട്ടിയാണ് പ്രയാണം. അതിനുവേണ്ടി എത്ര നേതാക്കളാണ് തോല്‍ക്കാനായി മത്സരിച്ചിരിക്കുന്നത്. ഇതിനെല്ലാം പകരമായി സുരേഷ്‌ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കേണ്ടതായിരുന്നു എന്നു തന്നെയാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെയും ആവശ്യം.
എന്നാല്‍, സംഭവിച്ചത് മറ്റൊന്നായിരുന്നു. കേരളത്തില്‍ ഒരു സീറ്റുപോലും കിട്ടാതിരുന്നപ്പോഴും കേരളത്തില്‍ നിന്നും കേന്ദ്രസഹമന്ത്രിമാരുടെ നിരതന്നെയുണ്ടായിട്ടുണ്ട്. ഒ. രാജഗോപാലില്‍ തുടങ്ങി, വി. മരളീധരന്‍ വഴി രാജീവ് ചന്ദ്രശേഖറില്‍ അതെത്തി നില്‍ക്കുന്നു. എന്നാല്‍, ഇത്തവണ ഒരു സീറ്റ് പൊരുതി നേടിയിട്ട് കേരളത്തോട് നരേന്ദ്രമോദി കാട്ടിയത് നീതീകരിക്കാനാവാത്ത അവഗണനയായേ കാണാനാകൂ എന്നാണ് പ്രധാന നേതാക്കള്‍ രഹ്യമായി സമ്മതിക്കുന്നത്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും ക്യാബിനറ്റ് പദവി ലഭിക്കുമെന്നും കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ പോലും ആഗ്രഹിച്ചിട്ടുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയമായി ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇവര്‍ സന്തോഷിക്കുകയാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം പറ്റിച്ചത്, സംസ്ഥാന ഘടകത്തെയും സുരേഷ് ഗോപിയെയും മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയുമാണ്.
ഇത് മനസ്സില്‍ത്തട്ടിയാണ് സുരേഷ്‌ഗോപി സിനിമാ ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. താന്‍ കേന്ദ്രമന്ത്രി ആയിരുന്നുവെങ്കില്‍ മന്ത്രിയുടെ ജോലിക്ക് മുന്‍ഗണ നല്‍കിയേനെ. എന്നാല്‍, സഹമന്ത്രിയെക്കാള്‍ സ്വന്തം സിനിമാ ജോലി തന്നെയാണ് ഉത്തമമെന്ന് ചിന്തിച്ചതില്‍ ഒരു തെറ്റുമില്ല. സുരേഷ്‌ഗോപിയെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്കാരനെന്ന ലേബല്‍ കൊണ്ട് കേരളത്തില്‍ നിന്നും ലഭിച്ചത് ആട്ടും തുപ്പും മാത്രമാണ്. എതിര്‍പ്പുകള്‍ക്കിടയിലൂടെ അദ്ദേഹം നടത്തിയ സാമൂഹിക പ്രവര്‍ത്തനവും സഹായ ഹസ്തങ്ങളുമാണ് മനുഷ്യനായി കാണാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ബി.ജെ.പിക്കാരന്‍ എന്നതിലുപരി മനുഷ്യത്വമുള്ളയാള്‍ എന്നാണ് കണ്ടത്. അങ്ങനെയൊരാള്‍ എന്തും ചെയ്യാന്‍ കെല്‍പ്പുള്ള കേന്ദ്രമന്ത്രിയായാല്‍ ഇന്ത്യയിലെ തന്നെ നിരവധി മനുഷ്യര്‍ക്ക് സഹായം ചെയ്യുമെന്നുറപ്പാണ്. അര്‍ഹിക്കുന്ന കൈകളില്‍ ആ സഹായം എത്തുമെന്നും വിശ്വസിക്കുന്നുണ്ട് ഓരോ മലയാളികളും.
അതുകൊണ്ടു കൂടിയാണ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിക്ക് പദവിയില്‍ കടുത്ത അതൃപ്തി തോന്നിയതും. സഹമന്ത്രി സ്ഥാനം ഏറ്റെടുക്കണോയെന്നതില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ് അദ്ദേഹം. പ്രതീക്ഷിച്ച പദവി കിട്ടാത്തതിലെ അതൃപ്തി ബിജെപി കേന്ദ്ര നേതാക്കളെ സുരേഷ് ഗോപി അറിയിക്കുകയും ചെയ്തു കഴിഞ്ഞു. മോദിയും, അമിത്ഷായുമായി ഹോട്ട് ലൈന്‍ ബന്ധമുള്ളതിനാല്‍ സുരേഷ് ഗോപിയുമായി ഉന്നത നേതാക്കള്‍ സംസാരിക്കാനും സാധ്യതയുണ്ട്. സമവായനീക്കമുണ്ടായില്ലെങ്കില്‍ സുരേഷ് ഗോപി പദവി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചനകള്‍. അതേസമയം, സംസ്ഥാന നേതൃത്വത്തെ അറിയാക്കാതെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്ന് വ്യക്തമാക്കുന്നതായി കെ സുരേന്ദ്രന്റെ പ്രതികരണം. സഹമന്ത്രി സ്ഥാനം കേരളത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് സുരേഷ് ഗോപിയെ സുരേന്ദ്രന്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.
മന്ത്രിയാകാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. മോദിയുടെ വിളി എത്തിയതോടെ ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപി പ്രതീക്ഷിച്ചു. സത്യപ്രതിജ്ഞക്ക് തൊട്ട് മുന്‍പ് മാത്രമാണ് പദവി എന്താണെന്ന് സുരേഷ് ഗോപിക്കും വിവരം കിട്ടിയത്. കേരളത്തില്‍ താമര വിരിയിച്ച തനിക്ക് അര്‍ഹിക്കുന്നതല്ല കിട്ടിയതെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. മന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചവരും സുരേഷ് ഗോപിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നാണ് പറയുന്നത്. പദവിയിലെ സുരേഷ് ഗോപിയുടെ അതൃപ്തി ദേശീയതലത്തില്‍ തന്നെ ബിജെപിക്ക് ക്ഷീണമായിരിക്കുകയാണ്.
അതേസമയം, മത്സരത്തെക്കുറിച്ച് സ്വപ്‌നം പോലും കാണാതെ നടന്ന, ജോര്‍ജ്ജ് കുര്യന്‍ കേന്ദ്രസഹമന്ത്രി സ്ഥാനത്തേക്കെത്തിയത് ലോട്ടറി അടിച്ചതു പോലെയാണ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയാണ് ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം. മണിപ്പൂര്‍ സംഭവത്തിന് പിന്നാലെ അകന്ന ക്രൈസ്തവ വിഭാഗങ്ങളോട് വീണ്ടും അടുക്കാനുള്ള ശ്രമം കൂടിയാണ് ബിജെപി ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന് രാജ്യമാകെയുള്ള കൃസ്ത്യന്‍ നേതാക്കളുമായുള്ള ബന്ധവും മുതല്‍ക്കൂട്ടായി. ഒ രാജഗോപാലിന്റെ ഒഎസ്ഡിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും ജോര്‍ജ് കുര്യനുണ്ട്.
എന്നാല്‍ കേരളത്തിലെ പ്രതികൂല സാഹചര്യത്തെ സധൈര്യം നേരിട്ട് മത്സരിച്ച് ജയിച്ചവനും, ഒരു പണിയുമെടുക്കാതെ നിന്നവനു ഒരേ പദവി എന്നതും വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ വിജയത്തിനു പിന്നില്‍ അദ്ദേഹം അനുഭവിച്ച മാനസിക ശാരീരിക പീഡനം ചെറുതല്ല. സിനിമയില്‍ നിന്നുപോലും പുറത്താക്കപ്പെട്ടു പോയ മനുഷ്യന്‍ കൂടിയാണദ്ദേഹം എന്നത് മറക്കാനാവില്ല. ഒന്നും ചെയ്യാന്‍ കഴിയാത്ത, വെറും ആലങ്കാരികമായ പദവി പോലെയാണ് കേന്ദ്രസഹമന്ത്രി സ്ഥാനം. മാത്രമല്ല, കഴിഞ്ഞ കാലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ചു തോറ്റവരാണ് കേന്ദ്ര സഹമന്ത്രിമാരായത്. ആതേ കാറ്റഗറിയില്‍ തന്നെയും ആക്കിയതിലുള്ള നീരസം സുരേഷ് ഗോപി ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയേണ്ടത്.