സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭിച്ച കെ ഫോണ്‍ പരാജയമെന്ന് സമ്മതിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ കെ ഫോണിന് സാധിച്ചില്ലെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്റെ പകുതി പോലും നല്‍കാന്‍ സാധിച്ചിട്ടില്ല, കണക്ക്ക്കൂട്ടിയ വേഗതയില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കാത്തത് കെ ഫോണിന്റെ പ്രവര്‍ത്തനക്ഷമത കുറവായതു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 150 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ലക്ഷ്യമിട്ടാണ് കെ ഫോണിന്റെ പ്രവര്‍ത്തനം മുന്നേറുമെന്ന് വ്യക്തമാക്കിയെങ്കിലും കണക്ഷന്‍ നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലെ മെല്ലെപ്പോക്ക് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയത്.
ബിപിഎല്‍ കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും ഇന്റര്‍നെറ്റ് എത്തിക്കാനാണ് കെ ഫോണ്‍ പദ്ധതിക്കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഡിജിറ്റല്‍ സമത്വത്തിലൂടെ നവകേരള നിര്‍മ്മിതിയ്ക്കു സാധിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കെ ഫോണ്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് വര്‍ഷം മൂന്നായിട്ടും കെ ഫോണ്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. 14000 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷന്‍ ഇതാ ഒരു മാസത്തിനകം നല്‍കുമെന്ന് പറഞ്ഞയിടത്തു നിന്നും 5856 കണക്ഷന്‍ മാത്രമെ നല്‍കിയിട്ടുള്ളുവെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 30,000 സര്‍ക്കാര്‍ ഓഫീസ് ലക്ഷ്യമിട്ടതില്‍ കെ ഫോണ്‍ വഴി നെറ്റ് കിട്ടുന്നത് 21,311 ഇടത്ത് മാത്രമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു.
കെ ഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെ ഫോണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വാണിജ്യ കണക്ഷന്‍ ലഭ്യമാക്കുന്നതിന് എന്റെ കെ ഫോണ്‍ എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷനും വെബ്‌സൈറ്റും സജ്ജമാക്കിയെന്നു പറയുന്നുണ്ടെങ്കിലും ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ മറ്റ് വിവരങ്ങളൊന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കണക്ഷന്‍ നടപടികള്‍ക്ക് ലാസ്റ്റ് മൈല്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ കണ്ടെത്തി വരുന്നതെ ഉള്ളുവെന്ന് കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഫൈബര്‍ ശൃംഘലയില്‍ 4300 കിലോമീറ്റര്‍ പാട്ടത്തിന് നല്‍കാനായെന്നും അത് 10000 കിലോമീറ്ററാക്കുമെന്നും അതുവഴി വരുമാനം വരുമെന്നുമൊക്കെയാണ് കഴിഞ്ഞ മാസം കെ ഫോണ്‍ അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താ കുറിപ്പിലെ അവകാശവാദം. പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നില്‍ക്കാനെന്നിരിക്കെ പ്രതിസന്ധിയിലാണ് പദ്ധതിയെന്ന് പറയാതെ പറയുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ടും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.
അതിനിടെ, 14000 ബിപിഎല്‍ വീടുകളില്‍ കണക്ഷന്‍ എത്തിക്കാന്‍ രണ്ടുവര്‍ഷം മുന്‍പു കരാറെടുത്ത കമ്പനി പാതിവഴിയില്‍ പിന്‍മാറി 7000 കണക്ഷന്‍ നല്‍കിയെന്നും തദ്ദേശ വകുപ്പു വഴി ലഭ്യമാക്കിയ ഗുണഭോക്തൃപട്ടിക കൃത്യമല്ലാത്തതിനാല്‍ പിന്‍മാറുകയാണെന്നും കമ്പനി സര്‍ക്കാരിനെ അറിയിച്ചു എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ പട്ടികയിലെ തെറ്റു തിരുത്തി നല്‍കിയെന്നാണു കെ-ഫോണിന്റെ വിശദീകരണം. കണക്ഷന്‍ നല്‍കാന്‍ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല ഈ വീടുകളുടെ പട്ടിക കൈമാറണമെന്നു കമ്പനിയോടു കെ ഫോണ്‍ ആവശ്യപ്പെട്ടു.
ലക്ഷം ബിപിഎല്‍ വീടുകളില്‍ സൗജന്യ കണകഷന്‍ എന്ന വാഗ്ദാനത്തോടെയാണു സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ ഒരു മണ്ഡലത്തില്‍ 100 വീതം 14000 കണക്ഷന്‍ നല്‍കുമെന്നു രണ്ടാം പിണറായി സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഭേദഗതി വരുത്തി ഇതിനായി 2022 ഏപ്രില കമ്പനിയെ തിരഞ്ഞെടുത്തു. എന്നാല്‍ കമ്പനിയുമായുള്ള കരാറിനുള്ള അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗുണഭോക്തൃപട്ടികയും വൈകി. 14000 ബിപിഎല്‍ വീടുകളില്‍ കണക്ഷന്‍ നല്‍കിയശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ 1000 വീടുകളില്‍ മാത്രമായിരുന്നു കണക്ഷന്‍.യ