ആനുകൂല്യങ്ങളെല്ലാം തടഞ്ഞു വെച്ചും അര്‍ഹിക്കുന്നത് കവര്‍ന്നെടുത്തും സര്‍ക്കാര്‍ ജീവനക്കാരെ ഞെക്കിപ്പിഴിയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയം അറബിക്കടലില്‍ എന്ന മുദ്രാവാക്യം സെക്രട്ടേറിയറ്റില്‍ നിന്നു ഉര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിട്ട സര്‍ക്കാര്‍ എന്ന പേരുദോഷത്തിനൊപ്പം ജീവനക്കാരും വെറുത്തിരിക്കുന്നു എന്നതിന് തെളിവണിത്. ആര്‍ക്കും സ്വയം വിലയിരുത്താം എന്നതു കൊണ്ട് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ ആ വിലയില്‍ മാത്രമാണ് ജീവനക്കാരും കാണുന്നത്. എന്തോ വലിയ സംഭവം ചെയ്തുവെന്ന രീതിയില്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിയിരിക്കുകയാണവര്‍.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വലിയ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ജാള്യത മറയ്ക്കാനായി സര്‍ക്കാരിന്റെ ജനോപകാരമല്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനു മറുപടിയായി ജീവനക്കാരുടെ പ്രതിഷേധ പ്രോഗസ് റിപ്പോര്‍ട്ട് പിന്നാലെ എത്തി. വട്ടപ്പൂജ്യമാണ് സര്‍ക്കാരിന് ജീവനക്കാര്‍ കൊടുത്തിരിക്കുന്ന മാര്‍ക്ക്. എങ്കിലും 20ല്‍ എത്ര എന്നു മനസ്സിലാക്കാന്‍ വേണ്ടി മാത്രം ഒന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സിലാണ് ഒരു മാര്‍ക്ക് കൊടുത്ത് നാണം കെടുത്താതെ നിര്‍ത്തിയത്.
മൂന്ന് വര്‍ഷത്തെ പിണറായി ഭരണത്തില്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. 3 വര്‍ഷത്തെ ഭരണത്തില്‍ ആകെ കിട്ടിയത് ഒരുഡി.എ മാത്രമാണെന്നും ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ‘ ജീവാനന്ദം ‘ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബല്ലാത്തൊരു പ്രോഗ്രസ് റിപ്പോര്‍ട്ട് 1/ 20, മൂന്ന് വര്‍ഷം – 1 ഗഡു ഡി.എ എന്ന തലക്കെട്ടിലാണ് ജീവനക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനേക്കാള്‍ ജീവനക്കാര്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് സെക്രട്ടേറിയേറ്റില്‍ ഇപ്പോള്‍ വലയി ചര്‍ച്ചയാകുന്നത്.
എട്ടാം വര്‍ഷ പരീക്ഷയില്‍ എട്ടു നിലയില്‍ പൊട്ടിയ ഇടതുഭരണം സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ടു സ്വയം സാക്ഷ്യപ്പെടുത്തി പൊതുജന സമക്ഷം പരിഹാസ്യരാവുന്നു. നാല്‍പത്തിയഞ്ച് ദിവസം മുമ്പ് നടത്തിയ പരീക്ഷയില്‍ വാരിക്കോരി മോഡറേഷന്‍ കൊടുത്തിട്ടു പോലും ഇരുപതില്‍ കേവലം ഒരു മാര്‍ക്ക് മാത്രം നേടിയവര്‍ ഉജ്ജ്വലമായ പുരോഗതിയെന്ന് വലിയവായില്‍ ഓരിയിടുന്നത് പ്രബുദ്ധകേരളത്തില്‍ ത്രികാലസ്മരണകളുണര്‍ത്തുകയാണ്. കെടുതികളാല്‍ സമ്പന്നമായ രണ്ടാംവരവിലെ ദുരിതപ്പെയ്ത്തില്‍ പെട്ട് ജനങ്ങളും ജീവനക്കാരും നട്ടം തിരിയുമ്പോള്‍ ചുവപ്പ് മഷി കൊണ്ട് കോറിയ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പുറംചട്ട പോലും പുറത്തു കാണിക്കുന്നതിന് തന്നെ അസാമാന്യ ചര്‍മശേഷി വേണമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ആമുഖത്തു പറയുന്നു.
അഷ്ടിക്ക് വകയില്ലാതെ അര്‍ധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായി ഉഴലുന്ന, ആറു മാസമായി ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാക്കപ്പെട്ട ആലംബഹീനര്‍ മുതല്‍ ആറു ഗഡു ക്ഷാമബത്ത നിഷേധിക്കപ്പെട്ട് പേ റിവിഷന്‍ ആനുകൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ട് പതിനഞ്ചു മാസത്തെ ശമ്പളം കവരലിന് ഇരയായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവര്‍ ഇടതുഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡിന്ന് ‘കണ്‍നിറ’യെ കാണുകയാണ്. കമ്മിറ്റി വിളിച്ചുകൂട്ടി നവോത്ഥാനം നടപ്പിലാക്കിയത് ഒന്നാം ഭരണത്തിന്റെ ഒന്നാമത്തെ സംഭാവനയായിരുന്നു!:
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ലോകത്ത് തന്നെ ആദ്യമായ് ഒരു കമ്മിറ്റി രൂപീകരിച്ചത് പുരോഗതിയുടെ തിളങ്ങുന്ന തിലകം തന്നെ. ജാതി മത അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, കുണ്ടണി കൂടോത്രം എന്നിത്യാദികളെ തുടച്ചു നീക്കുകയും ആള്‍ ദൈവങ്ങള്‍, മാടന്‍ മറുത എന്നിവരെ തുരത്തുവാനുമുള്ള കര്‍മപദ്ധതികള്‍ കമ്മറ്റി ആവിഷ്‌കരിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്റെ പരകോടിയിലെത്തിയ മാര്‍ക്‌സിസ്റ്റ് സഹയാത്രികനായ ഭഗവല്‍ സിംഗും സഹധര്‍മ്മിണിയും മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയതും സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് അരുംകൊല നടത്തിയതും
അരുംകൊലകള്‍ നടത്തിയ ശേഷവും ഫേസ്ബുക്കില്‍ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടില്‍ വിലസി നടന്നതും നവോത്ഥാന നാമ്പുകള്‍ തന്നെ.
കേരളീയം മഹാമഹം: തലസ്ഥാനത്ത് ഒരു വാരക്കാലം നീണ്ട ആഘോഷരാവുകള്‍ ആയിരുന്നു ഇത്. നൃത്തനൃത്യങ്ങള്‍, ഡെപ്പാംകൂത്ത്, കണ്‍കെട്ട് വിദ്യ, മുച്ചീട്ട് കളിക്കാര്‍ മുതല്‍ പാമ്പാട്ടികള്‍ വരെ നിറഞ്ഞാടിയ ദിനങ്ങള്‍ കേരളത്തെ ചില്ലിട്ട് അലമാരയില്‍ എടുത്ത് വയ്ക്കാന്‍ ആയിരുന്നു. പുട്ടടിപന്തല്‍ മുതല്‍ സെമിനാര്‍ സ്റ്റാളുകള്‍ വരെ വൈവിദ്ധ്യങ്ങളില്‍ ആകൃഷ്ടരായി കേരളത്തിലേയ്ക്ക് വലിയ തോതില്‍ ടൂറിസ്റ്റ്കള്‍ എത്തുക കൂടാതെ വിദേശമൂലധനത്തിന്റെ കുത്തൊഴുക്ക് കേരളത്തിലേയ്ക്ക് പ്രവഹിക്കുകയും ചെയ്യും. അതോടെ GDP യില്‍ വന്‍ വര്‍ധന ഉണ്ടാകും…. എന്നൊക്കെയായിരുന്നു മൊഴിമുത്തുകള്‍. ഇതിനകം തന്നെ മുട്ടത്തറ, വെട്ടുറോഡ്, വിളക്ക്പാറ, പോങ്ങനാട് എന്നിവിടങ്ങളില്‍ ജി ഡി പി കുതിച്ചു കയറിയത്രെ…
നവകേരള സദസ്സ്, ശകടയാത്ര: കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു പ്രജകളുടെ ദുഃഖ ദുരിതങ്ങള്‍ കണ്ടറിഞ്ഞു അറുതി വരുത്താനുള്ള ലോകത്തെ ആദ്യത്തെ മൊബൈല്‍ മിനിസ്ട്രി പ്രാേഗ്രാം. ഒരു ധനുമാസത്തില്‍ രാഹുകാലം നോക്കി അഞ്ചാഴ്ച യാത്ര ആരംഭിക്കുന്നു… പ്രാതല്‍, ഉച്ചഭക്ഷണം എന്നിവ പലയിടങ്ങളില്‍ നിന്ന് തട്ടിവിട്ട് പൗരപ്രമാണിമാരുമായി പന്തീ ഭോജനം നടത്തി കേരള റോഡുകളിലൂടെയുള്ള യാത്രയില്‍ മുന്‍കരുതലായി യാത്ര വണ്ടിയില്‍ ഒരു ടോയ്‌ലറ്റ് കൂടി സജ്ജമാക്കിയുള്ള ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കാതെ തരമില്ല! ആ നീക്കത്തിലൂടെ ശുചിത്വ കേരള സന്ദേശം കൂടി വഴിനീളെ വിളംബരം ചെയ്തതും മാസ്സ്, മാസ്സേ! നവ രക്ഷാ പ്രവര്‍ത്തനം യാത്രക്ക് കൊഴുപ്പേകി. ഈ ജൈത്രയാത്ര വമ്പിച്ച വിജയമായിരുന്നു എന്ന് 2024 ലോകസഭ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു…
ഡച്ച് മാതൃക നടപ്പിലായില്ലേ, എന്തായി River room പദ്ധതി: കഴിഞ്ഞ മഴയില്‍ തമ്പാനൂര്‍ കൂടാതെ, കണ്ണമ്മൂല, ഈഞ്ചയ്ക്കല്‍ മുതല്‍ ചാക്ക വരെയും കഴക്കൂട്ടം മുതല്‍ ടെക്‌നോപാര്‍ക്ക് phase II വരെയും ആള്‍പ്പൊക്കത്തിന്റെ അരയ്‌ക്കൊപ്പം വെള്ളം കയറിയല്ലോ…. ”അല്ല… ഡച്ച് മാതൃക നടപ്പിലായില്ലേ..എന്തായി River room പദ്ധതി…’ ഇതൊക്കെയാണ് മാളോരുടെ സംശയം…എന്നാല്‍ കഠിനംകുളം കായലില്‍ തുടങ്ങി പൂന്തുറയിലും കിള്ളിയാറ്റിലുമായി വന്നലച്ചു പതിയ്ക്കുന്ന ‘പാര്‍വതി പുത്തനാറ്’ നോര്‍വേവഴിയോ മറ്റു സ്‌കാന്‍ഡിനവിയന്‍ രാജ്യങ്ങള്‍ വഴിയോ അല്ല ഒഴുകുന്നത് എന്നെങ്കിലും ഇവര്‍ അറിയണ്ടേ…! എന്ന ക്യാപ്‌സ്യൂള്‍ ഉടന്‍ ഉത്പാദനം തുടങ്ങും.
പ്രവാസി മലയാളികള്‍ക്ക് രോമാഞ്ചം സമ്മാനിച്ച ഭൂലോക കേരള സഭയ്ക്ക് തുടക്കം കുറിച്ച്‌കൊണ്ട് ഹാള്‍ കുറച്ചു പൈസയ്ക്ക് , ഒരു 12 കോടിക്ക് ഒന്ന് പുതുക്കി.. നിറയെ സിംഹാസനങ്ങളിട്ട് അന്തസ്സ് ഉയര്‍ത്തി വച്ചു. മൂന്ന് വട്ടം ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു…. എന്നിട്ടും തീരാത്ത ചര്‍ച്ച ദുബായ് ഏരിയ കമ്മിറ്റിയിലും ലണ്ടന്‍ ഏരിയ കമ്മിറ്റിയിലും ന്യൂയോര്‍ക്ക് ഏരിയ കമ്മിറ്റിയിലും ചര്‍ച്ച ചെയ്തു. കമ്മിറ്റി കൂടിയ ലണ്ടന്‍, ന്യൂയോര്‍ക്ക് പ്രദേശങ്ങള്‍ അന്നേ ദിവസങ്ങളില്‍ കുത്തക ബൂര്‍ഷ്വാ സാമ്രാജിത്വ പ്രദേശങ്ങളുടെ പരിധിയില്‍ വരില്ല എന്ന് തൊഴിലാളികളെ ആശ്വസിപ്പിച്ചു.
എട്ട് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് എണ്‍പതില്‍പരം പോലീസുകാര്‍ എന്നത് തന്നെ കേരള നാടിന്റെ പുരോഗതിയുടെ അടയാളപ്പെടുത്തലാണ്. കാലിയായ സപ്ലൈകോയും അവതാളത്തിലായ അവശ്യസാധന വിതരണവുംഅടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ധനയും അറുതിയില്ലാത്ത ധൂര്‍ത്തും അപ്രഖ്യാപിത നിയമന നിരോധനവും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നതില്‍ ബേജാറാവണ്ട. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും കൊളള വിലയും ഉപ്പു തൊട്ട് കര്‍പ്പൂരം വരെ തീവിലയും ആയപ്പോള്‍ അടുക്കളകളില്‍ പുകയുന്ന വീട്ടമ്മമാരുടെ വേവലാതികള്‍ കാര്‍ഡില്‍ കാണാതിരുന്നതില്‍ കുറ്റം പറയരുത്.
വിലനിയന്ത്രണം നോക്കുകുത്തിയായതും വിലക്കയറ്റത്തിന് ശരവേഗം പ്രാപിച്ചതും കാര്‍ഡില്‍ കയറാന്‍ സമയമെടുക്കും.
കെ-ടാക്‌സ് രാജിലൂടെ 5000 കോടിയുടെ അധിക നികുതി അടിച്ചേല്‍പിച്ച്, പെര്‍മിറ്റ് ഫീസ് 20 മടങ്ങ് വര്‍ധിപ്പിച്ച്, ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ അധിക സെസ് ഏര്‍പ്പെടുത്തി, വെള്ളക്കരം പല മടങ്ങാക്കി മൂന്നരക്കോടി ജനതയുടെ മേല്‍ ഇടതുഭരണം തീമഴയായി പെയ്തിറങ്ങിയതല്ല, മറിച്ച് കരുതലിന്റെ കാവല്‍ സൂര്യന്‍ പ്രശോഭിച്ചതാണ്.
ശമ്പളം മുടങ്ങിയതും ക്ഷേമ പെന്‍ഷന്‍ 7 മാസം മുടങ്ങിയതും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 6 ഗഡു ഡി എ (19%)കുടിശ്ശികയായതും അഞ്ചു മാസത്തെ ലീവ് സറണ്ടര്‍ കവര്‍ന്നതും പുരോഗതി തന്നെ. 2016 ല്‍ 157370 കോടി രൂപയായിരുന്ന കേരളത്തിന്റെ സര്‍വകാല പൊതുകടം 2024 ല്‍ 4 ലക്ഷം കോടി രൂപ കവിഞ്ഞത്. രോഗാതുരമായ സാമ്പത്തിക നിലയുടെ ഭീതിദമായ അവസ്ഥയേ അല്ല. 8 വര്‍ഷം കൊണ്ട് രണ്ടര ഇരട്ടിയിലധികമായി കടം വര്‍ധിപ്പിച്ചത് ചില്ലറ നേട്ടമല്ല.
സൗജന്യ അരി നിര്‍ത്തലാക്കിയതും കാരുണ്യപദ്ധതി ഇല്ലാതാക്കിയതും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കയറിപ്പറ്റാനുള്ള യോഗ്യത കൈവരിച്ചിട്ടില്ല. കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 40% ആയതും റവന്യു കമ്മി 2022-23ല്‍ 22968 കോടി,ധനക്കമ്മി 2022-23 ലെ 39116.62 കോടി,ധനക്കമ്മി – ജി എസ് ഡി പി അനുപാതം 4.17% ആയതും സ്ഥലപരിമിതി മൂലം വിട്ടു പോയതാണ്. മലയാളിയുടെ ആളോഹരി കടം 5 വര്‍ഷം കൊണ്ട് ഇരട്ടിയിലധികമാക്കി ഒന്നാം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമ്പോള്‍ അത് 105000 രൂപയായി ഉയര്‍ന്നതും അഭിമാനാര്‍ഹം.!
കാര്‍ഷിക മേഖലയില്‍ ഉയരുന്ന നിസ്സഹായതയുടെ നിലവിളികളും കടക്കെണികാരണമുള്ള കര്‍ഷക ആത്മഹത്യകളും പ്രസിദ്ധീകരണയോഗ്യമല്ലല്ലോ. കെട്ടി വലിച്ചിരുന്ന കെ എസ് ആര്‍ റ്റി സിയെ പുരോഗമനത്തിന്റെ പറുദീസയില്‍ കട്ടപ്പുറത്താക്കുകയും ബസ് പുല്ലുവളര്‍ത്തല്‍ കേന്ദ്രങ്ങളാക്കുകയും ചെയ്തു.
എട്ടാണ്ടിനിടയില്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയത് 65മാസത്തെ ഡി എ കുടിശ്ശികയായിരുന്നു എല്ലും തോലുമായ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയതുംസര്‍വീസ് വെയ്‌റ്റേജ്,സി സി എ, എച്ച് ബി എ എന്നിവ അട്ടിമറിച്ചതും ആശ്രിതനിയമനം അടപടലം തകര്‍ക്കാന്‍ മുതിര്‍ന്നതും ബഹുമതിയായി പറയുന്നില്ലെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ പണയപ്പെടുത്തി 3511 കോടി രൂപ കടമെടുത്തത് നേട്ടത്തിന്റെ കൂട്ടത്തില്‍ കൂട്ടാമായിരുന്നു.
ഡി.എയും ഡി എ കുടിശ്ശികയും ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും നല്‍കാതെ 40000 കോടി രൂപ തടഞ്ഞുവച്ചതു് കരുതലിനെന്നേ കരുതാനാകൂ! വേണമെങ്കില്‍ കുടിശ്ശിക കിട്ടാതെ മരണമടഞ്ഞ 80000 പെന്‍ഷന്‍കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും!
പങ്കാളിത്ത പെന്‍ഷന്‍ പുന:സ്ഥാപിക്കുമെന്ന വാഗ്ദാനം അറബിക്കടലില്‍ ആഴ്‌ന്നെങ്കിലും വര്‍ഷങ്ങളെടുത്ത് പഠനവും കമ്മിറ്റി നിയമനവും റിക്കാര്‍ഡുകള്‍ തകര്‍ക്കുന്ന പുതിയ പെന്‍ഷന്‍ പദ്ധതി എന്ന തട്ടിപ്പ് പ്രഖ്യാപനവും വന്നിട്ടുണ്ട്.
K ഫോണ്‍, സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്, കോകോനിക്‌സ് കമ്പ്യൂട്ടര്‍ എന്നിവ സെക്രട്ടറിയറ്റ് മുതല്‍ അംഗനവാടി വരെ നടപ്പിലാക്കാന്‍വേണ്ടി ഇതിനകം കോടികള്‍ ചിലവിട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ അവ പ്രാവര്‍ത്തികമായിട്ടില്ല എന്ന് മാത്രം. അതിന് പകരം മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനായി ബാറുകള്‍, ബിവ്കോ ഔട്ട്‌ലെറ്റ്കള്‍ എന്നിവ ധാരാളം തുറന്നു കഴിഞ്ഞു.പുഷ്പങ്ങളും ശലഭങ്ങളും അറിയാതെ തന്നെ പരാഗണം നടക്കുന്നതുപോലെ. മഹാ കുടിയന്‍മാരായ ബ്രിട്ടീഷുകാര്‍, അമേരിക്കക്കാര്‍, ഇറ്റലിക്കാര്‍, ഓസ്‌ട്രേലിയക്കാര്‍ തുടങ്ങിയവര്‍ ഇത് കണ്ടു കേരളത്തിലേയ്ക്ക് കുതിച്ചെതുകയും തദ്വാരാ ടൂറിസം വികസനം നടക്കുകയും ചെയ്തു.
ജീവനക്കാരുടെ കാര്യത്തിലാകട്ടെ നേടിയെടുത്ത ഒരവകാശവും നിഷേധിച്ചിട്ടില്ല.., പകരം പരണത്തു വച്ചു.ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കില്ല എന്ന് പറഞ്ഞിട്ടേയില്ല! ക്ഷാമബത്തകുടിശ്ശികയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രീതിയെ കേരളം അനുകരിയ്ക്കാന്‍ തയ്യാറേ അല്ല ! മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്‌ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല എങ്കിലും അതിന് വേണ്ടിയുള്ള രേഖകള്‍ തയ്യാറാക്കി നെട്ടോട്ടം ഓടിയാല്‍ അത് പെന്‍ഡിങ്ങില്‍ വച്ചുകൊണ്ട് ജീവനക്കാരെ മെഡിസെപ്പ് വഴി 500 രൂപ വീതം അവരില്‍ നിന്ന് പ്രതിമാസം ഈടാക്കിക്കൊണ്ട് അവരെ സ്വന്തം നിലയില്‍ പണം കണ്ടെത്തി ചികിത്സ തേടാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
ജീവനക്കാരുടെതായുള്ള, നാളിതുവരെ നേടിയെടുത്ത അവകാശങ്ങള്‍ക്കൊപ്പം മുതല്‍ചേര്‍ക്കാന്‍ പറ്റിയ ഐറ്റം മെയ് 29 ന് ഉദയം കൊണ്ടിട്ടുണ്ട്. – ‘ജീവാനന്ദം’. ഇത് മെഡിസെപ്പിന്റെ തന്നെ കുറച്ചു കൂടി കൂടിയ ഇനമാണ്. മെഡിസെപ്പിന്റെ ന്റെ ഉഗ്രഗുണങ്ങള്‍ ഇതിനകം തന്നെ പലര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടല്ലോ. ബോധ്യം വരാത്തത് അതുമായി ഹോസ്പിറ്റലില്‍ പോകാത്തവര്‍ക്ക് മാത്രമാണ്.
ഈ ഉത്തരവില്‍ കയറ്റി വച്ചിരിക്കുന്ന രണ്ടു താക്കോല്‍ വാക്കുകള്‍ ശ്രദ്ധേയമാണ്. ആന്വിറ്റിയും ആക്ച്വറിയും.. അടയ്ക്കേണ്ട പ്രീമിയം തുകയും മറ്റു ചുങ്കങ്ങളും നിശ്ചയിക്കുന്ന മാമനാണ് ആക്ച്വലി ഈ ‘ആക്ച്വറി’ എന്ന പഹയന്‍.. നമ്മളറിയാതെ നമ്മള്‍ എത്ര പണ്ടാരടങ്ങി കൊടുക്കണം എന്ന് തീരുമാനിക്കാന്‍ ഓനെ ചട്ടം കെട്ടി ചാര്‍ത്ത് കൊടുത്തുകഴിഞ്ഞു എന്ന് ഇതില്‍ തന്നെ എഴുതി വച്ചിട്ടുള്ളത് നമ്മള്‍ ഇപ്പോഴല്ലേ കാണുന്നത്? അറിയുന്നത്…
മെഡിസെപ്പ് നിര്‍ബന്ധം ആക്കിയിട്ട് ഒരു പല്ലിന്റെ ആശുപത്രിയെപ്പോലും വരുതിയ്ക്ക് നിര്‍ത്താന്‍ അത് നടപ്പാക്കിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.
140 ല്‍ പത്തൊമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നേറ്റപാതയിലെത്തിയാണ് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കുന്നത്. സ്വയം കൃതനാര്‍ത്ഥം 121 മണ്ഡലങ്ങളില്‍ തോറ്റമ്പിയ ശേഷമുള്ള ചരമോപചാര രേഖയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിനുണ്ടായ മികച്ച പ്രകടനവും കേരളത്തില്‍ യു.ഡി.എഫിനുണ്ടായ ത്രസിപ്പിക്കുന്ന വിജയവും ചരിത്രത്തിന്റെ ചുവരെഴുത്തും ചൂണ്ട് പലകയുമാണണെന്നു കൂടി സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സി പറയുന്നുണ്ട്.
ജീവനക്കാരുടെ കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് പറയുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി ചേരാതായിട്ടുണ്ടെന്നാണ് വിവരം. നിയമസഭ നടക്കുന്നതിനാല്‍ ഇനിയുള്ള കുറച്ചു ദിവസം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മാറി നില്‍ക്കാനാകും. എങ്കിലും പ്രതിപക്ഷത്തിലൂടെ ജീവനക്കാര്‍ സംസാരിക്കുമെന്നു പ്രതീക്ഷിക്കുകയാണ്.