സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തിരുവനന്തപുരത്ത് വെച്ചാണ് പ്രഖ്യാപനം നടത്തിയത്. ഹാരിസ് ബീരാന്‍ കാല്‍ നൂറ്റാണ്ട് കാലമായി രാജ്യ തലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്ന വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയില്‍ നിലകൊണ്ട ഹാരിസ് ബീരാന്‍ എംഎസ്എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എംഎസ്എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാന്‍ 1998 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
2011 മുതല്‍ ഡല്‍ഹി കെഎംസിസി പ്രസിഡന്റാണ്. ദേശീയ തലത്തില്‍ മുസ്ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാന്‍ രംഗത്തുണ്ട്. ഡല്‍ഹി കലാപം ഉള്‍പ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇരകള്‍ക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. അബ്ദുന്നാസര്‍ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിന് ഹാരിസ് ബീരാന്‍ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. കപില്‍ സിബലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരോടൊപ്പം യുഎപിഎ ദുരുപയോഗത്തിനെതിരായ നിയമ യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ചു.
മുസ്ലിംലീഗിന്റെ പേര് മാറ്റണമെന്ന ഹര്‍ജിക്കെതിരെയും മുത്തലാഖ് ബില്‍, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാന്‍ നടത്തിയ നിയമപരമായ ഇടപെടലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെന്‍സസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാന്‍ നിയമപോരാട്ടം നടത്തി. ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരാന്‍ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വം ഉപകരിക്കും. ആള്‍ ഇന്ത്യ ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്ലിംലീഗ് ഭരണഘടനാ സമിതി അംഗം. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡല്‍ഹി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്.
പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യുപിഎ സര്‍ക്കാര്‍ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥതി മന്ത്രലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: അല്‍ റയാന്‍, അര്‍മാന്‍.