തിരുവനന്തപുരം : സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകള്‍ക്ക് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അധ്യയനത്തിന് സൌകര്യമൊരുക്കാൻ തീരുമാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവന് ഭീഷണിയുള്ള ഘടകങ്ങള്‍ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കുമാണ്, നിബന്ധനകള്‍ക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുക.
ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഈ അധ്യയന വർഷം തന്നെ സ്കൂളുകള്‍ പരിഹരിക്കണം. ഇതുമായി ബന്ധപ്പെട്ട മോണിറ്ററിംഗ്, ഫെസിലിറ്റേഷൻ ആവശ്യത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ തലങ്ങളിൽ സംവിധാനം ഒരുക്കും. കെട്ടിട നിർമ്മാണ ചട്ടങ്ങളിലും വിദ്യാഭ്യാസ ചട്ടങ്ങളിലും ഒരേ വിഷയത്തിൽ വ്യത്യസ്തമായി വരുന്ന നിബന്ധനകള്‍ ക്രമീകരിക്കാനും യോഗത്തിൽ തീരുമാനമായി. സ്കൂളുകള്‍ക്ക് അനുവദനീയമായ ഇളവുകള്‍ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഉള്‍പ്പെടുത്തും. ഇതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉള്‍പ്പെടെ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകള്‍ മുറിച്ചുകളഞ്ഞുവെന്നത് ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കളക്ടർമാർക്ക് ഇതിനുള്ള നിർദേശങ്ങള്‍ ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
ചുമരുകളുടെ പ്ലാസ്റ്ററിംഗ്, കെഇആർ അനുസരിച്ചുള്ള ക്ലാസ്മുറി വലുപ്പമില്ലാത്തത്, ഫാള്‍സ് സീലിംഗ് ഇല്ലാത്തത്, കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിർമ്മാണം തുടങ്ങിയ സാങ്കേതിക കരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകള്‍ക്കാണ് തീരുമാനം സഹായകരമാവുക. സംസ്ഥാനത്തെ 7557 സ്കൂളുകളിൽ 6136 സ്കൂളുകള്‍ക്കും ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ 835ഉം സർക്കാർ മേഖലയിൽ 386ഉം സ്വകാര്യ മേഖലയിൽ 200 സ്കൂളുകള്‍ക്കാണ് വിവിധ കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത പ്രശ്നമുള്ളത്. ഈ പ്രതിസന്ധിക്കാണ് മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുടെ ഇടപെടലിലൂടെ പരിഹാരമാവുന്നത്.