മനാമ : ബഹ്റൈനിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അറഫ, പെരുന്നാൾ അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
അറഫ, പെരുന്നാൾ പ്രമാണിച്ച് ഈ മാസം 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടുമെന്നും സർക്കുലറിൽ പറഞ്ഞു. അതേസമയം, യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലി പെരുന്നാള് അവധി പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
സൗദിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് ബലിപെരുന്നാൾ പതിനാറിന് ആയിരിക്കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിലും ചന്ദ്രക്കല ദൃശ്യമായി. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ഈദുൽ അദ്ഹ.