തിരുവനന്തപുരം: പി.പി സുനീർ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥി. സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്. പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിലേക്കെത്തുകയായിരുന്നു.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീർ. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.
രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനുമാണ് സി.പി.എം നല്‍കിയത്.രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുടെ ആവശ്യത്തിന് സിപിഎം വഴങ്ങുകയായിരുന്നു. സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു.