മുംബൈ: മൂന്നാം എൻ.ഡി.എ സർക്കാറിൽ സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനയും അതൃപ്തിയുമായി രംഗത്ത്. ക്യാബിനെറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്. നേരത്തെ അജിത് പവാർ എൻ.സി.പിയും ഇതേ പരാതി ഉന്നയിച്ചിരുന്നു.
“ഞങ്ങൾ ക്യാബിനെറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ജനശക്തി പാർട്ടി, എച്ച്.എ.എം, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വളരെ കുറച്ച് പ്രാതിനിധ്യം മാത്രമേയുള്ളൂ. അവർക്കെല്ലാം ക്യാബിനെറ്റ് പദവ് നൽകി. ഏഴ് സീറ്റുകൾ നേടിയിട്ടും ശിവസേനക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം മാത്രമാണ് നൽകിയത്. ശിവസേന എം.പിമാരിൽ ഒരാളെ ക്യാബിനെറ്റ് മന്ത്രിയാക്കണം” -പാർട്ടി ചീഫ് വിപ്പ് ശ്രീരംഗ് ബർണെ പറഞ്ഞു.
ചിരാഗ് പാസ്വാന് അഞ്ച് എം.പിമാരാണുള്ളത്. ജിതൻ റാം മാഞ്ചിക്ക് ഒന്നും ജെ.ഡി.എസിനു രണ്ടും എം.പിമാരാണുള്ളത്. എന്നിട്ടും അവർക്കെല്ലാം കാബിനറ്റ് പദവി ലഭിച്ചു. ഏഴ് ലോക്സഭാ സീറ്റ് ലഭിച്ചിട്ടും ശിവസേനയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ഒറ്റ സഹമന്ത്രി സ്ഥാനമാണു ലഭിച്ചതെന്നും ശ്രീരംഗ് കുറ്റപ്പെടുത്തി.
ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപാണ് എൻ.സി.പി അതൃപ്തി അറിയിച്ച് രംഗത്തുവന്നത്. സഹമന്ത്രി പദവി നിരസിക്കുന്നതായി പാർട്ടി അധ്യക്ഷൻ അജിത് പവാറും രാജ്യസഭാ എം.പി പ്രഫുൽ പട്ടേലും അറിയിക്കുകയായിരുന്നു.
പ്രഫുൽ പട്ടേൽ മുൻപ് കേന്ദ്രത്തിൽ കാബിനറ്റ് പദവി വഹിച്ചയാളാണെന്നാണ് അജിത് പവാർ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഇനി സ്വതന്ത്ര ചുമതലയുള്ളൊരു സഹമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതു ശരിയല്ല. കുറച്ചുദിവസം കൂടി കാത്തിരിക്കാൻ തയാറാണെന്ന് ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കാബിനറ്റ് പദവി തന്നെ വേണം. അവർ അക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.