Kerala

ചരിത്ര വിജയം; കാലിക്കറ്റ് സർവകലാശാല യൂണിയൻ കെ.എസ്.യു – എം.എസ്.എഫ് സഖ്യം പിടിച്ചെടുത്തു

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത്.

ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി. കെ, വൈസ് ചെയര്‍പേഴ്‌സണ്‍ -ഷബ്ന കെ.ടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍.

രണ്ട് ജില്ലകളിലും യുഡിഎസ്എഫ് മുന്നേറി. മലപ്പുറം, കോഴിക്കോട് ജില്ലാ സീറ്റുകളാണ് യുഡിഎസ്എഫ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്.എഫ്.ഐ-യും നേടി. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വിജയിച്ചത്. എന്നാൽ റീകൗണ്ടിൽ 3 വോട്ടുകൾക്കാണ് പാലക്കാട് സീറ്റ് യുഡിഎസ്എഫിന് നഷ്ടമായത്.

ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം.എസ്.എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.