നാഗ്പൂർ: മണിപ്പൂർ ഒരു വർഷമായി സമാധാധനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും നാഗ്പൂരിൽ നടന്ന ആര്‍എസ്എസ് സമ്മേളണം നിര്‍ദ്ദേശം നൽകി. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്.
മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്കാരം അവിടെ അവസാനിപ്പിച്ചതുപോലെ എനിക്ക് തോന്നിയിരുന്നു. എന്നാൽ, സംസ്ഥാനം പെട്ടെന്ന് അക്രമത്തിന് സാക്ഷിയായി. മണിപ്പൂരിലെ സാഹചര്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ -മോഹൻ ഭാഗവത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരസ്പരം ആക്രമിക്കുന്നത്, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, തെറ്റായ വിവരങ്ങളുടെ പ്രചാരണം എന്നിവയെ അദ്ദേഹം വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.