തിരുവനന്തപുരം: മറാത്‌വാഡയ്ക്കു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ 12 വരെ ശക്തമായ മഴക്കും ചിലയിടങ്ങളിൽ അതിശക്ത മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്‌ച രണ്ടിടത്ത് ഓറഞ്ച് അലർട്ടും അഞ്ചിടത്ത് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടിൽപെട്ട കണ്ണൂരും കാസർകോടും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ പെയ്യും.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മഞ്ഞ അലർട്ടിൽപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.