എടക്കാട് : ഓസ്‌ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ എടക്കാട് സ്വദേശിനിയുൾപ്പെടെ രണ്ടുപേർ മരിച്ചു. എടക്കാട് ഹിബയിൽ മർവ ഹാഷിം (35) ആണ് മരിച്ചത്. ഓസ്ട്രേലിയൻ സർക്കാർ വകുപ്പിൽ ഉദ്യോഗസ്ഥയാണ് മർവ. അവധിയാഘോഷത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ എത്തിയതായിരുന്നു. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിക്കുകയും മൂന്നുപേർ പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
മരിച്ച രണ്ടാമത്തെയാളെക്കുറിച്ച് അറിവായിട്ടില്ല. മറ്റൊരു സ്ത്രീ നീന്തിരക്ഷപ്പെട്ടുവെന്നും ബന്ധുക്കൾ പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘ബ്ലാക്ക് സ്പോട്ട്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് മുമ്പും അപകടമരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കാസർകോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീനാണ് മർവയുടെ ഭർത്താവ്. 10 വർഷത്തോളമായി കുടുംബം ഓസ്ട്രേലിയയിലാണ്. ഒരുവർഷം മുൻപ് ബന്ധുവിൻറെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിൽ വന്നിരുന്നു. പിതാവ്: കെ.എം.സി.സി. സ്ഥാപക നേതാവ് സി.ഹാഷിം. മാതാവ്: കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷൻ കൗൺസിലർ ഫിറോസ ഹാഷിം.
















