India

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അജ്ഞാത ജീവി, ഒടുവിൽ കണ്ടെത്തി പൊലീസ്

വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നായിരുന്നു പലരുടേയും സംശയം, ചിലർ വലിയ പൂച്ചയാകാമെന്ന ഊഹം പങ്കുവച്ചിരുന്നു

ന്യൂഡൽ​ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവിയെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ചടങ്ങ് നടക്കുന്ന വേദിക്ക് പുറകിലായി നടന്നുനീങ്ങിയ ജീവി ഏതാണെന്ന ചർച്ചയിലായിരുന്നു സമൂഹമാദ്ധ്യമങ്ങൾ. പൂച്ചയാണ് വേദിയിലൂടെ മിന്നി മറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാദ്ധ്യമ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് എക്സിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

ചടങ്ങിൽ കണ്ടത് പുലിയാണെന്ന തരത്തിലും പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം അവസാനമിട്ടുകൊണ്ടാണ് ഡൽഹി പൊലീസ് വീഡിയോയിൽ കണ്ട ജീവി പൂച്ചയാണെന്ന് വ്യക്തമാക്കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പലവിധ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നായിരുന്നു പലരുടേയും സംശയം. ചിലർ വലിയ പൂച്ചയാകാമെന്ന ഊഹം പങ്കുവച്ചിരുന്നു. എന്നാൽ മറ്റ് ചിലർ വാലും നടത്തവുമൊക്കെ കണ്ടിട്ട് പുലിയാകാനാണ് സാധ്യതയെന്നായി. ഒറ്റ നോട്ടത്തിൽ പുലിയാണോ പൂച്ചയാണോ അതോ ഇനി നായയാണോ എന്ന് പോലും തോന്നിക്കുന്ന മൃഗത്തിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.