India

PM Kisaan Yojana: രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഉടന്‍ പണമെത്തും, പ്രധാനമന്ത്രി ഫയലില്‍ ഒപ്പുവെച്ചു

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നടപടി കര്‍ഷകര്‍ക്കു വേണ്ടി

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ നടപടി കര്‍ഷകര്‍ക്കു വേണ്ടിയായിരുന്നു എന്നതാണ് വലിയ കാര്യമായി കാണുന്നത്. പ്രധാനമന്ത്രി കിസാന്‍ നിധിക്കായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് വന്നിരിക്കുന്നത്. പദ്ധതി പ്രകാരം കര്‍ഷക സഹോദരങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം കൈമാറും. മൂന്നാം തവണയും പ്രധാനമന്ത്രി ആയതിന് ശേഷം കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡു പുറത്തിറക്കുന്നതിനുള്ള ഫയലില്‍ നരേന്ദ്ര മോദി ഒപ്പുവച്ചു കഴിഞ്ഞു.

ഈ പദ്ധതി പ്രകാരം ലഭിക്കുന്ന പണം ജൂലൈ ആദ്യവാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് അയക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി കിസാന്‍ നിധിയുടെ 16-ാം ഗഡു ലഭിച്ചതിന് ശേഷം കര്‍ഷകര്‍ ഇപ്പോള്‍ 17-ാം ഗഡുവിനായി കാത്തിരിക്കുകയാണ്. എന്നാല്‍, പതിനേഴാം ഗഡു റിലീസ് ചെയ്യുന്ന തീയതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനേഴാം ഗഡു പുറത്തിറക്കുന്നതിനുള്ള ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചു.

ഇത് 9.3 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. ഇതിനായി ഏകദേശം 20,000 കോടി രൂപ വിതരണം ചെയ്യും. ഈ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ധനസഹായം നല്‍കുന്നുണ്ട്.

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകം

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 2000-2000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ പണം അയയ്ക്കുന്നു. ഈ പദ്ധതി കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.

ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം

പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്കായി, ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ‘പുതിയ രജിസ്ട്രേഷന്‍’ ക്ലിക്ക് ചെയ്യുക. പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ഒരു പാസ്വേഡ് സൃഷ്ടിച്ച് സമര്‍പ്പിക്കുക ബട്ടണില്‍ ക്ലിക്കുചെയ്യുക.

ഓഫ് ലൈനായി എങ്ങനെ അപേക്ഷിക്കാം

കര്‍ഷകര്‍ക്ക് അവരുടെ പ്രദേശത്തെ കൃഷി ഓഫീസ് സന്ദര്‍ശിച്ച് ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം പൂരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, കര്‍ഷകന്റെ ഫോട്ടോ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.

പുതിയ സര്‍ക്കാരിന്റെ പുതിയ തുടക്കം കൂടുതല്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണട്ടെ. കഴിഞ്ഞ രണ്ടു ടേമിലും കര്‍ഷക സമരം ഇന്ത്യ കണ്ടിരുന്നു. അതുപോലൊരു സമരത്തിന് ഇടവരാതിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.