ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്. തന്നെ ഈ സ്ഥാനത്ത് എത്തിച്ച തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും പാനലും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കും. ഇതിനായി എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
സുപ്രധാനമായ ചുമതലയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കാവേരി കേന്ദ്രീകരിച്ച് ക്രൂഡ് ഓയിൽ പര്യവേക്ഷണം നടത്തും. കൊച്ചിയുടെ സാധ്യതകൾ കണ്ടെത്തും. കൊല്ലത്ത് അത്തരത്തിൽ സാധ്യതകളുണ്ടെന്ന് ഊഹാപോഹങ്ങളുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാര്യങ്ങളെ പഠിച്ചശേഷം തീരുമാനങ്ങളെടുക്കും.
ഇന്ത്യയുടെ ടൂറിസം ഹബ്ബാണ് കേരളമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞതാണ്. ഈ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തെ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കും. കേരളത്തിലെ ടൂറിസം ഡിജിമാരായിരുന്നവരുടെ ഉപദേശം സ്വീകരിക്കും. പുതിയൊരു ടൂറിസം രുചി നൽകാൻ സാധിക്കും. വിമർശനങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം ജനഹിതത്തിലാകും പൂരം നടത്തുക. അത് അന്ന് പറഞ്ഞതാണ്, അതിനാണ് ജനങ്ങൾ തന്നെ അനുഗ്രഹിച്ച് വിട്ടേക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടരഹിതമായ പൂരക്കാഴ്ച സമ്മാനിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.