തിരുവനന്തപുരം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയത് രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ റ്റി.ജെ. വിനോദിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പെരിയാർ നദിയിലേക്ക് ശുദ്ധീകരിച്ച മാലിന്യം അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളിൽ നിന്നും മലിനജലം പുറംതളളുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പെരിയാറിലെ ഏവൂർ ഫെറി ഭാഗത്ത് മെയ് 20ന് ആണ് മൽസ്യങ്ങൾ ചത്തു പൊന്തിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർവൈലൻസ് ടീം ഇവിടെ പരിശോധന നടത്തി. ഡിസാൽവ്ഡ് ഓക്സിജൻ മൽസ്യങ്ങൾ ജീവിക്കുന്നതിനാവശ്യമായ അളവിലും കുറവാണെന്ന് സാമ്പിളിന്റെ പരിശോധനയിൽ കണ്ടെത്തി.
മഴ ശക്തിപ്പെട്ടിതിനെ തുടർന്ന് പാതാളം റെഗുലേറ്റർ കം ബ്രിഡ് ജിന്റെ ഷട്ടറുകൾ തുറന്നപ്പോൾ റഗുലേറ്ററിനു മുകൾവശത്തു നിന്ന് ഡിസാൽവ്ഡ് ഓക്സിജൻ ലെവൽ കുറഞ്ഞ ജലം, കൂടിയ അളവിൽ റഗുലേറ്റർ താഴേക്കു ഒഴുകിയത് മത്സ്യനാശത്തിനു കാരണമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ബണ്ട് അടഞ്ഞുകിടക്കുന്ന വേനൽമാസങ്ങളിൽ ബണ്ടിനു മുകൾഭാഗത്തുളള നിരവധി ജനവാസമേഖലകളിലൂടെ ഒഴുകിവരുന്ന ജൈവമാലിന്യങ്ങൾ പുഴയിൽ എത്തി. അവ റഗുലേറ്ററിന് അടിത്തട്ടിലേക്ക് അടിയുന്നതും അവിടെ ഡിസാൽവ്ഡ് ഓക്സിജൻ ലെവൽ കുറയുന്നതിന് കാരണമാകുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
അതേ സമയം ഒരു സ്വകാര്യ കോഴി വേസ്റ്റ് റെൻഡറിങ് യൂനിറ്റിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിയതിന്റെ ലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്ക് അടച്ചിടാൻ ഉത്തരവ് നൽകി. ഏലൂർ എടയാർ ഭാഗത്തുളള വ്യവസായശാലകളിൽ വിശദമായ പരിശോധന തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തി. ഏലൂർ എടയാർ പെരിയാറിന്റെ വ്യവസായ മേഖലയിലെ പെരിയാറിന്റെ ഏലൂർ മേഖലയിലെ ശാഖയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുളള പാഴ്‌ജലം ശുദ്ധീകരണത്തിന് ശേഷമാണോ നിർമാർജനം ചെയ്യുന്നത് എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷിക്കുന്നുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻവയോൺമെൻറ് സർവേലൻസ് സെന്റ്റർ മുഖേന ഇത് നിരീക്ഷിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. പുഴയിലെ അഞ്ച് സ്റ്റേഷനുകളിൽ നിന്ന് പ്രതിദിനം ജല സാമ്പിൾ ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം നിരീക്ഷിക്കുന്നു.
അതോടൊപ്പം നദീജലത്തിന്റെ തൽസമയ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് തൽസമയ ജല ക്വാളിറ്റി മോണിറ്ററിങ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സാമ്പിൾ ശേഖരിച്ച് പരിശോധിച്ച്, വീഴ്ചകൾ കണ്ടെത്തുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുളള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. നദിയിലേക്ക് സംസ്കരിച്ച മലിനജലം തുറന്നു വിടാൻ അനുമതിയുളള അഞ്ച് വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ടുളള പരിശോധനകളിലൂടെയും ഓരോന്നിലും സ്ഥാപിച്ചിട്ടുളള ഓൺലൈൻ വഴിയുള്ള തുടർച്ചയായ മലിനജല നിരീക്ഷണ കേന്ദ്രം ഡാറ്റ പരിശോധിച്ചു. ഇക്കാര്യത്തിൽ അനധികൃത നിർമാർജനമില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ തോമസ്, കെ.ബാബു, ടി.ജെ. വിനോദ്, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നവർക്ക് മറുപടി നൽകി.